യുവതിയുടെ മൃതദേഹം കണ്ടെത്തിയ ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ ഡോഗ് സ്ക്വാഡിലെ ടാഷ പരിശോധന നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ/ മാതൃഭൂമി
കൊല്ലം: ഫാത്തിമ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചല്‍ സ്വദേശി നാസു (24) വാണ് അറസ്റ്റിലായത്. മരിച്ച ഉമ പ്രസന്നന്റെ (32) സുഹൃത്താണ് ഇയാള്‍. ബുധനാഴ്ച വൈകീട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്ത നാസുവിന്റെ അറസ്റ്റ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തി.
വ്യാഴാഴ്ച യുവതിയെ ബീച്ചില്‍വച്ച് കണ്ടിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും കഴിഞ്ഞ 29-ന് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെത്തിയെന്നും അവിടെവെച്ച് യുവതിക്ക് അപസ്മാരമുണ്ടായെന്നും നാസു പോലീസിനു മൊഴിനല്‍കി. യുവതി മരിച്ചതോടെ പുറത്തിറങ്ങി ബ്ലേഡ് വാങ്ങിവന്നാണ് അവരുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയതെന്നും നാസു പോലീസിനോടു പറഞ്ഞു. പോലീസ് ഈ മൊഴി പൂര്‍ണമായി വിശ്വസിക്കുന്നില്ല. കഴിഞ്ഞ 29 മുതല്‍ ഉമയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പോലീസിന് ഇയാള്‍ നല്കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പോലീസ്, ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പോലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറിയത്.
മരണത്തിന് കാരണക്കാരനായ വ്യക്തി എന്ന നിലയിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ മറ്റ് ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തും.
കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിതന്നെ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പോലീസും ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി. ശരീരത്തിന്റെ ചിലഭാഗങ്ങള്‍ അഴുകിയനിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് യുവതിയുടെ ബാഗും ലെഗ്ഗിങ്സും അടിവസ്ത്രവും കണ്ടെത്തി. ബാഗില്‍ വില്‍പ്പനയ്ക്കായുള്ള സൗന്ദര്യവസ്തുക്കളും തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഡയറി, കുട, പേനകള്‍, ഫോട്ടോകള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. യുവതിയുടെ മറ്റ് വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല. കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ സ്കൂബ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടില്ല.
ഉമയുടെ ഭര്‍ത്താവ് ബിജു മൂന്നുവര്‍ഷംമുമ്പ് അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് അമ്മയ്ക്കൊപ്പമാണ് ഉമ വാടകയ്ക്കു താമസിച്ചിരുന്നത്. മക്കള്‍: നന്ദന, നിധി. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു.
ദിവസവും രാത്രി ഏഴിന് വീട്ടിലെത്തും
മൂന്നുമാസം മുമ്പുവരെ നടന്ന് ലോട്ടറി വില്‍പ്പനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവില്‍പ്പന നടത്താന്‍ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29-ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്. 31-ന് ഫോണ്‍ കൊട്ടിയം പോലീസിന് ലഭിച്ചതായി വിവരം ലഭിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.
Content Highlights: dead body of women found at kollam railway quarters youth arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..