ദാവൂദ് ഇബ്രാഹിം | File Photo
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍നിന്ന് വീണ്ടും വിവാഹം കഴിച്ചതായി ബന്ധുവിന്റെ മൊഴി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകന് അലി ഷാ പാര്‍ക്കറാണ് ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യോട് വെളിപ്പെടുത്തിയത്. പാകിസ്താനിലുള്ള ദാവൂദ്, കറാച്ചിയിലെ മറ്റൊരിടത്തേക്ക് താമസം മാറ്റിയതായും ബന്ധു മൊഴി നല്‍കിയിട്ടുണ്ട്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ച കേസിലാണ് എന്‍.ഐ.എ. ദാവൂദിന്റെ സഹോദരീപുത്രനില്നിന്നും മൊഴിയെടുത്തത്. ദാവൂദിന്റെ കുടുംബത്തെക്കുറിച്ച് സഹോദരീപുത്രന് വിശദമായ മൊഴി നല്‍കിയെന്നാണ് എന്‍.ഐ.എ.യുടെ കുറ്റപത്രത്തില്‍ പറയുന്നത്.
ആദ്യഭാര്യ മയ്സാബിനുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ പാകിസ്താനില്‍നിന്നും പഠാന് സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചെന്നാണ് അലി ഷാ പാര്‍ക്കര്‍ മൊഴി നല്‍കിയിട്ടുള്ളത്. ദാവൂദിന്റെ ആദ്യഭാര്യ ഇപ്പോഴും തങ്ങളുടെ ബന്ധുക്കളുമായി വാട്സാപ്പിലൂടെ ബന്ധപ്പെടാറുണ്ടെന്നും അലി ഷാ പാര്‍ക്കര്‍ പറഞ്ഞു.
ആദ്യഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് ദാവൂദ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാല്‍ ഇത് ശരിയല്ല. ദാവൂദിന്റെ ആദ്യഭാര്യ മയ്സാബിനെ കഴിഞ്ഞ ജൂലായില്‍ താന്‍ ദുബായില്‍വെച്ച് കണ്ടിരുന്നു. മയ്സാബിന്‍ തന്റെ ഭാര്യയെ അടക്കം വാട്സാപ്പ് കോളിലൂടെ വിളിക്കാറുണ്ടെന്നും അലി ഷാ പാര്‍ക്കറുടെ മൊഴിയിലുണ്ട്.
നിലവില്‍ കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസം. ആരുമായും ദാവൂദ് ബന്ധം പുലര്‍ത്താറില്ല. ദാവൂദ്-മയ്സാബിന്‍ ദമ്പതിമാര്‍ക്ക് മഹ്രൂഖ്, മെഹ്റിന്, മസിയ എന്നീ മൂന്ന് പെണ്മക്കളും മോഹിന് നവാസ് എന്ന മകനുമാണുള്ളത്. മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന് ജുനൈദാണ് മഹ്രൂഖിന്റെ ഭര്‍ത്താവ്. ദാവൂദിന് നാല് സഹോദരന്മാരും നാല് സഹോദരികളുമാണുള്ളതെന്നും അലി ഷാ പാര്‍ക്കറുടെ മൊഴിയില്‍ പറയുന്നു.
Content Highlights: dawood ibrahim again married and his second wife is pak pathana nephew says to nia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..