പ്രതീകാത്മകചിത്രം | Photo : AFP
ജയ്പുര്‍: മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് ഏര്‍പ്പാടാക്കിയ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ സ്കൂള്‍ അധ്യാപകന് ദാരുണാന്ത്യം. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപനായിരുന്ന രാജേന്ദ്ര മീണ(47)യാണ് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ശിവാനി മീണ(19), സുഹൃത്ത് അതുല്‍ മീണ(20), ലളിത് മീണ(20), വിഷ്ണു ഭീല്‍(21), വിജയ് മാലി(21) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജൂണ്‍ 25 നാണ് സംഭവം നടന്നത്. ബിസ്ലായ് സ്വദേശിയായ രാജേന്ദ്ര മീണ സ്വന്തം വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകവെ അപരിചിതരായ അഞ്ച് പേരടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞ് വടിയും ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കോട്ട പോലീസ് സൂപ്രണ്ട് കവേന്ദ്ര സിങ് സാഗര്‍ പറഞ്ഞു. ഗുരുതരപരിക്കുകളേറ്റ രാജേന്ദ്ര മീണ പിന്നീട് മരിച്ചു.
അച്ഛന്റെ മദ്യപാനത്തിലും അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതയിലും മനംമടുത്ത ശിവാനി സുഹൃത്തായ അതുലുമായി നടത്തിയ ഗൂഢാലോചനയാണ് രാജേന്ദ്ര മീണയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും ചേര്‍ന്ന് 50,000 രൂപ നല്കി അഞ്ച് പേരെ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് ശിവാനി മൊഴി നല്കി. രാജേന്ദ്രയുടെ അച്ഛനാണ് സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
രാജേന്ദ്രയ്ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന രാജേന്ദ്ര സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ആദ്യഭാര്യയുടെ സുല്‍ത്താന്‍പുരിലെ വീട് വില്ക്കാനൊരുങ്ങിയിരുന്നു. ഇതാണ് മകള്‍ ശിവാനിയെ ഇത്തരമൊരു നീക്കത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു. ദേവേന്ദ്ര മീണ, പവന് ഭീല്‍ എന്നീ പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..