പ്രതീകാത്മക ചിത്രം | twitter.com/DelhiPolice
ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് യുവാക്കളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവതിയും യുവാവും അറസ്റ്റില്‍. രാഖി എന്ന കാശിഷ്, സന്തോഷ് കുമാര്‍ ഭഗത് എന്നിവരെയാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 15,000 രൂപയും പാന്‍, ഡെബിറ്റ് കാര്‍ഡുകളും മയക്കുഗുളികകളും പിടിച്ചെടുത്തു.
ഒക്ടോബര്‍ നാലാം തീയതി ഒരു യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് രാഖിയുടെ തട്ടിപ്പിനെക്കുറിച്ച് പുറത്തറിയുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നേരിട്ട് കാണാന്‍ ആവശ്യപ്പെട്ട് നീലംചൗക്കിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്നീട് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി തന്നെ കൊള്ളയടിച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.
നീലംചൗക്കില്‍വെച്ച് നേരിട്ട് കണ്ടതിന് പിന്നാലെ ഇരുവരും യുവാവിന്റെ വീട്ടിലേക്ക് പോയി. ഇവിടെവെച്ച് രാഖി യുവാവിന് ശീതളപാനീയം നല്കി. ഇത് കുടിച്ചതോടെ താന്‍ ബോധരഹിതനായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് കവര്‍ച്ച നടന്നത് മനസിലായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍, പണം, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയാണ് യുവതി മോഷ്ടിച്ചത്. യുവാവിന്റെ ഫോണില്‍നിന്ന് ഒരുലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഇടപാടുകളും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രാഖിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച രാഖി ഹരിയാണയിലാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഫരീദാബാദിലെ ഹോട്ടലില്‍നിന്ന് രണ്ടുപ്രതികളെയും പിടികൂടിയത്.
2005-ല്‍ പുറത്തിറങ്ങിയ ബണ്ടി ഓണ്‍ ബബ്ളി എന്ന സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ക്കിറങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയും രാഖിയാണ് യുവാക്കളുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തും. ഈ സമയത്ത് ഭക്ഷണസാധനങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി യുവാക്കളെ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും ഇതുവരെ ഇരുപതിലേറെ യുവാക്കള്‍ ഇവരുടെ കെണിയില്‍വീണിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ശീതളപാനീയം കുടിച്ചതിന് പിന്നാലെ ബോധരഹിതനായി. പിന്നീട് ബോധം വീണ്ടെടുത്തപ്പോളാണ് പണവും മൊബൈല്‍ ഫോണും ആഭരണങ്ങളും നഷ്ടമായെന്ന് മനസിലായത്.
Content Highlights: dating app fraud and robbery two arrested in delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..