സൈബര്‍ തട്ടിപ്പും ലഹരിയും: നൈജീരിയക്കാരുടെ ഇഷ്ടകേന്ദ്രമായി കേരളം,യുവതിയെ കൊച്ചിയിലെത്തിച്ചു


രാജേഷ് ജോര്‍ജ്, പി.പി.ഷൈജു

മയക്കുമരുന്ന് കടത്തിന് പിടിയിലായ യുകാമ ഇമ്മാനുവേല ഒമിഡു

കൊച്ചി: നൈജീരിയന്‍ സംഘത്തിന്റെ സൈബര്‍ തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി കേരളം മാറുന്നു. മുംബൈ, ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസമാക്കിയ നൈജീരിയന്‍ വംശജരാണ് തട്ടിപ്പിനു പിന്നില്‍. വര്‍ഷം 300 കോടി രൂപയ്ക്കു മുകളില്‍ ഇവര്‍ വിവിധ കേസുകളിലായി കേരളത്തില്‍നിന്ന് തട്ടിയെടുക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസിന്റെ കണക്ക്.

തട്ടിപ്പിനിരയാകുന്നവരില്‍ ചെറിയ ശതമാനം മാത്രമാണ് പരാതിയുമായി എത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒരു കേസില്‍ മാത്രം 1.17 കോടി രൂപ വരെ തട്ടിയെടുത്ത സംഭവവുമുണ്ട്.

ബിസിനസ്, സ്റ്റുഡന്റ് വിസയിലാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. വിസ കാലാവധി കഴിഞ്ഞാലും തിരിച്ചുപോകില്ല. സംഘത്തിലെ ചിലര്‍ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് വിവാഹം കഴിച്ച് ഇവിടെത്തന്നെ തുടരുന്നുണ്ട്. ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ കഴിയാത്തതിനാല്‍ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സാധാരണക്കാരുടെ എ.ടി.എം. കാര്‍ഡ് ഉള്‍പ്പെടെയുള്ള അക്കൗണ്ട് ചെറിയ തുകയ്ക്ക് വാങ്ങും. അതിലേക്കാണ് തട്ടിപ്പ് പണം എത്തിക്കുന്നത്. പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലേക്ക് അയയ്ക്കുകയും ബാക്കി കൊണ്ട് ഇവിടെ ആഡംബര ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്. പരാതി കിട്ടി അക്കൗണ്ട് പോലീസ് പരിശോധിക്കുമ്പോഴേയ്ക്കും ഭൂരിഭാഗം തുകയും പിന്‍വലിച്ചിട്ടുണ്ടാകും. വിദേശ ഐ.പി. അഡ്രസ് വഴി നടത്തുന്ന തട്ടിപ്പുകളില്‍ പലപ്പോഴും പ്രതികളെ പിടികൂടാനാകില്ല. ഇന്ത്യയിലെ മൊബൈല്‍ സിംകാര്‍ഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെ പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാനാകുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന സൈബര്‍ ഹാക്കിങ്ങിനു പുറമേ വിദേശത്ത് ജോലി, ഗിഫ്റ്റ്, വിവാഹ വാഗ്ദാനം തുടങ്ങിയ പേരുപറഞ്ഞാണ് തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം നൂറോളം കേസുകളില്‍ നൈജീരിയക്കാരുടെ പങ്ക് കണ്ടെത്തിയിരുന്നു.

അടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിന്റെ പിന്നിലും നൈജീരിയക്കാരായിരുന്നു.

നൈജീരിയക്കാരുടെ തട്ടിപ്പില്‍ കൂടുതലും ഇരയാകുന്നത് മലയാളികളാണ്. കേരളത്തിലുള്ളവര്‍ക്ക് പണമുണ്ട്, പണത്തോട് ആര്‍ത്തിയുമുണ്ടെന്നായിരുന്നു തട്ടിപ്പിന് കേരളം കേന്ദ്രമാക്കിയതിനെക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ പ്രതിയായ ഒരു നൈജീരിയന്‍ പൗരന്റെ മറുപടി.

മയക്കുമരുന്ന് നിര്‍മാണവും വില്പനയും

യുവാക്കള്‍ക്കിടയില്‍ 'എം' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെതലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍ (എം.ഡി.എം.എ.) വിതരണത്തിന്റെ പ്രധാനികള്‍ നൈജീരിയന്‍ വംശജരാണ്. ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ എം.ഡി.എം.എ. നിര്‍മാണം നടക്കുന്നതായും എക്‌സൈസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടുന്ന യുവാക്കള്‍ ഇവരുടെ ഏജന്റുമാരാണ്. കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ അടുത്തയിടെ പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ. കേസുകളിലും മുഖ്യ കണ്ണി നൈജീരിയന്‍ പൗരന്മാരാണ്.

മയക്കുമരുന്ന് കടത്ത്: നൈജീരിയന്‍ യുവതിയെ കൊച്ചിയിലെത്തിച്ചു

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കടത്ത് കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കൊച്ചിയിലെത്തിച്ചു. തിരുവോണ ദിനത്തില്‍ രാത്രിയോടെയാണ് ഡല്‍ഹി പോലീസ് രാജധാനി എക്‌സ്പ്രസില്‍ ഇവരെ കൊച്ചിയിലെത്തിച്ചത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ കസ്റ്റംസിന് വിട്ടുകിട്ടാതിരിക്കാന്‍ വന്‍ ഇടപെടലുകളാണ് ഡല്‍ഹിയിലെ മയക്കുമരുന്ന് കടത്ത് സംഘം നടത്തിയത്. അതുകൊണ്ടുതന്നെ ഇവരെ കൊച്ചിയിലെത്തിക്കാന്‍ കസ്റ്റംസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഇവരെ എങ്ങനെയും ജാമ്യത്തിലിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡല്‍ഹിയിലെ മയക്കുമരുന്ന് സംഘം.

കനത്ത സുരക്ഷയോടെ പ്രത്യേക ബസിലാണ് ഇവരെ ജയിലിലെത്തിച്ചത്. രണ്ടാഴ്ച കഴിഞ്ഞതിനാല്‍ ഇവരെ ഇനി കസ്റ്റംസിന് കസ്റ്റഡിയില്‍ കിട്ടില്ല. അതിനാല്‍ കോടതിയുടെ അനുമതി വാങ്ങി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഓഗസ്റ്റ് 29-ന് നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ ഹാജരാക്കണമെന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അന്ന് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ മറ്റൊരു തീയതി അനുവദിക്കണമെന്നും ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ അന്നും ഇവരെ കൊച്ചിയിലെത്തിച്ചില്ല. തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍. ഓഗസ്റ്റ് 21-നാണ് കൊച്ചി വിമാനത്താവളത്തില്‍ 36 കോടി രൂപ വില വരുന്ന 18 കിലോ മെഥാക്വിനോള്‍ പിടികൂടിയത്. സിംബാബ്വേയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരുടെ പക്കല്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാളില്‍നിന്നു മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയില്‍ കാത്തുനിന്നിരുന്ന നൈജീരിയന്‍ സ്വദേശിനിയെയും കസ്റ്റംസ് തന്ത്രപരമായി ഹോട്ടലില്‍നിന്നു പിടികൂടുകയായിരുന്നു.

Content Highlights: Cyber ​​Fraud and Drunkenness: Kerala as a destination of choice for Nigerians


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented