ശ്രീനേഷ്
കോഴിക്കോട്: വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ കൃഷിസ്ഥലത്തിനുചുറ്റും അനുമതിയില്ലാതെ കെട്ടിയ വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച കേസില്‍ മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 65,000 രൂപ പിഴശിക്ഷയും വിധിച്ചു. കട്ടിപ്പാറ ചമല്‍ കരോട്ട് ബൈജുതോമസ് (53) കരോട്ട് കെ.കെ. ജോസ് (56), ചമല്‍ വളവനാനിക്കല്‍ വി.വി. ജോസഫ് (61), എന്നിവരെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 304 (കുറ്റകരമായ നരഹത്യ) പ്രകാരം രണ്ടുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ഇലക്ട്രിസിറ്റി ആക്ട് 2003, 135 (1) (ല) വകുപ്പ് പ്രകാരം ആറുമാസം തടവും 15,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴസംഖ്യ മരിച്ചയാളുടെ പിതാവിന് നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതികള്‍ താമരശ്ശേരി ചമലിലെ കൊടപ്പറമ്പില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ കന്പിവേലിയില്‍ നിന്നാണ് കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറന്പില് കൃഷ്ണാലയത്തില്‍ ശ്രീനേഷ് (22) ഷോക്കേറ്റ് മരിച്ചത്.
കെ.എസ്.ഇ.ബി.യില്നിന്ന് അനുമതിപോലും വാങ്ങാതെയാണ് ഒന്നാംപ്രതി ബൈജു തോമസിന്റ വീട്ടിലെ കണക്ഷനില്‍നിന്ന് കന്പിവേലിയിലേക്ക് വൈദ്യുതി കടത്തിവിട്ടത്. മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും മരണംവരെ സംഭവിക്കാന്‍ ഇടയാവുമെന്നറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്നാണ് പ്രോസിക്യൂഷന് വാദം. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
മാതാപിതാക്കളായ ദിനേശനും ശ്രീജയും നഷ്ടപരിഹാരമാവശ്യപ്പെട്ട് അഭിഭാഷകരായ കെ.പി. ഫിലിപ്പ്, കെ. മുരളീധരന് എന്നിവര്‍ മുഖേന നല്കിയ സിവില്‍ കേസിലാണ് വിധി. വിധിപറഞ്ഞ തീയതിമുതല്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതുവരെയുള്ള കാലയളവിന് ആറുശതമാനം വാര്‍ഷികനിരക്കില്‍ പലിശ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജോലി കഴിഞ്ഞ് കുളിക്കാന്‍ പോവുന്നതിനിടെ മരണം
കൊടുവള്ളി കെ.എം.ഒ. കോളേജ് വിദ്യാര്‍ഥിയും താമരശ്ശേരിയിലെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ താത്കാലിക ജീവനക്കാരനുമായിരുന്ന ശ്രീനേഷിനെ 2017 ഒക്ടോബര്‍ രണ്ടിനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് അര്‍ധരാത്രിയോടെ ജോലികഴിഞ്ഞെത്തി വീടിനുപിറകിലെ കുളിമുറിയിലേക്ക് കുളിക്കാനായി പോകവെയാണ് സമീപത്തെ സ്വകാര്യ കൃഷിയിടത്തിനടുത്തുവെച്ച് വൈദ്യുതാഘാതമേറ്റത്. ഒന്നരയേക്കര്‍ സ്ഥലത്തെ കപ്പക്കൃഷിയിടത്തില്‍ കാട്ടുപന്നി കയറുന്നത് ഒഴിവാക്കാനായിരുന്നു വൈദ്യുതവേലി സ്ഥാപിച്ചത്. ശ്രീനേഷിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് പിറ്റേന്ന് രാവിലെ ആറുമണിയോടെ വേലിക്കു സമീപത്തുനിന്ന് മൃതദേഹം കണ്ടത്.
വൈദ്യുതി പ്രവഹിപ്പിക്കാന് കണക്ഷനെടുത്ത വീടിന്റെ ഉടമയെയും കൃഷി നടത്തിയവരെയും പ്രതികളാക്കി താമരശ്ശേരി പോലീസ് കേസെടുക്കുകയും ചമല്‍ സ്വദേശികളായ മൂന്നു പ്രതികളെയും ഇന്‍സ്പെക്ടര്‍ ടി.എ. അഗസ്റ്റിന് അറസ്റ്റുചെയ്യുകയുംചെയ്തു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്നീട് കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..