പിടിയിലായ കരാട്ടെ ജോണി(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്)
വിളപ്പില്‍ശാല: ഗുണ്ടാ പട്ടികയിലുള്‍പ്പെട്ട ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി കരാട്ടെ ജോണിയെ വിളപ്പില്‍ശാല പോലീസ് ആലപ്പുഴയില്‍ കെണിയൊരുക്കി പിടികൂടി. പൂവാര്‍ കലാപത്തിലെ മുഖ്യസൂത്രധാരകരില്‍ ഒരാളും വധശ്രമം, മോഷണം, പിടിച്ചുപറി, ഭവനഭേദനം, പോലീസ് ഉദ്യോഗസ്ഥരെ മാരകമായി പരിക്കേല്‍പ്പിച്ചത് എന്നിവയുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയുമായ കരാട്ടെ ജോണി എന്നറിയപ്പെടുന്ന പൂവാര്‍, പൊന്നുനട വീട്ടില്‍ ജെ.ജോണ്‍സണെ(42)യാണ് വിളപ്പില്‍ശാല പോലീസ് പുന്നപ്രയില്‍നിന്നു സാഹസികമായി പിടികൂടിയത്.
വിളപ്പില്‍ശാല ചെറുകോട് സ്വദേശിയായ ഷിജുമോന്റെ ആഡംബരവാഹനം ജോണി വാടകയ്‌ക്കെടുത്ത് പണയംവെച്ചതിനെത്തുടര്‍ന്ന് ഷിജു വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ വാഹനം കരാട്ടെ ജോണിയുടെ കൈവശമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ ജോണി വാഹനം തമിഴ്നാട്ടിലേക്കുകടത്തി പൊളിച്ചുവില്‍ക്കാന്‍ പദ്ധതിയിട്ടു. ഇതു മനസ്സിലാക്കിയ പോലീസ് തമിഴ്നാട്ടിലും വാഹനത്തെ പിന്തുടര്‍ന്നതോടെ ജോണി തന്റെ രഹസ്യസങ്കേതമുള്ള ആലപ്പുഴയിലെത്തി. ഇവിടെയും പോലീസ് ജോണിയെ പിന്തുടര്‍ന്നെത്തുകയായിരുന്നു.
കേസിലുള്‍പ്പെട്ട വാഹനം ഓടിച്ചുപോയ ജോണിയെ വഴിയില്‍ തടയാന്‍ ശ്രമിച്ച പോലീസിനു നേരേ ഇയാള്‍ വാഹനമോടിച്ചു കയറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് പുന്നപ്രയില്‍ പോലീസ് റോഡില്‍ കൃത്രിമമായി ഗതാഗതക്കുരുക്കുണ്ടാക്കി വാഹനം തടഞ്ഞിട്ട് ജോണിയെ പിടികൂടുകയായിരുന്നു. ഈ നീക്കത്തിന് പുന്നപ്ര പോലീസിന്റെ സഹായവുമുണ്ടായി.
പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി. എസ്.അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന കേസന്വേഷണത്തില്‍ വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ആശിഷ്, ആര്‍.വി.ബൈജു, സി.പി.ഒ.മാരായ ജയശങ്കര്‍, അരുണ്‍, അജിത്ത്, അജില്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: criminal goon karate johny arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..