കൊലക്കത്തിയുമായി കൊച്ചിയെ വിറപ്പിച്ച് ക്രിമിനലുകള്‍; ലഹരിമരുന്നിന് അടിമകളായവരുടെ വിളയാട്ടം


കഴിഞ്ഞ ദിവസം രാത്രി നോര്‍ത്തില്‍ ടൗണ്‍ ഹാളിനടുത്തുള്ള ഹോട്ടലില്‍ അടുത്തിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോളാണ് ഒരാളെ കുത്തിവീഴ്ത്തിയത്. വ്യാഴാഴ്ച രാത്രിയാണ് തൃപ്പൂണിത്തിറയ്ക്കടുത്ത് കാഞ്ഞിരമറ്റത്ത് യുവാവിനെ കുത്തി വീഴ്ത്തിയത്.

കൊച്ചി നഗരത്തിന്റെ രാത്രികാലദൃശ്യം | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി


കൊച്ചി: കൊടും ക്രിമിനലുകള്‍ കൊലക്കത്തിയുമായി കൊച്ചിയെ വിറപ്പിക്കുകയാണ്. നേരം ഇരുട്ടുന്നതോടെ ക്രിമിനലുകള്‍ നഗരത്തിലെങ്ങും വിലസുന്നത് പതിവായിരിക്കുന്നു. ഒട്ടു മിക്ക കേസുകളിലും ലഹരിമരുന്നിനടിമകളായ യുവാക്കളാണ് വിളയാടുന്നത്. കഴിഞ്ഞ ദിവസം രാത്രി നോര്‍ത്തില്‍ ടൗണ്‍ ഹാളിനടുത്തുള്ള ഹോട്ടലില്‍ അടുത്തിരുന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോളാണ് ഒരാളെ കുത്തിവീഴ്ത്തിയത്. വ്യാഴാഴ്ച രാത്രിയാണ് തൃപ്പൂണിത്തിറയ്ക്കടുത്ത് കാഞ്ഞിരമറ്റത്ത് യുവാവിനെ കുത്തി വീഴ്ത്തിയത്.

ഏതാനും ദിവസം മുമ്പാണ് സുഹൃത്തിനു നേരേ കത്തി വീശിയ ഒരു യുവാവ് നോര്‍ത്തില്‍ സ്വയം കഴുത്തു മുറിച്ച് മരിച്ചത്. കഞ്ചാവ് വലിക്കുന്നത് മഹത്തായ കാര്യമാണെന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന വ്‌ലോഗര്‍ മട്ടാഞ്ചേരിയില്‍ പിടിയിലായതും കഴിഞ്ഞ ദിവസം. മട്ടാഞ്ചേരിയിലെ നമ്പര്‍ 18 ഹോട്ടലിലെ ലഹരിക്കൂത്തിനെത്തുടര്‍ന്നാണ് ബൈപ്പാസിനെ കുരുതിക്കളമാക്കി മൂന്നു പേര്‍ക്ക് ജീവന്‍ പോയത്.

യുവാക്കളുടെ ജീവനെടുക്കുന്ന ലഹരി-ക്രിമിനല്‍ വിളയാട്ടം പതിവു സംഭവമാകുമ്പോളും പ്രശ്‌നത്തിനൊരു പരിഹാരം തേടാന്‍ ആരും ശ്രമിക്കുന്നതു തന്നെയില്ല. മാരക ലഹരിമരുന്നുകളുമായി യുവാക്കള്‍ പിടിയാലാകുന്നത് നിത്യസംഭവമായിട്ടുണ്ട്.

ഹോട്ടലില്‍ ഭക്ഷണംകഴിക്കാന്‍ വന്ന യുവാവിനെ കൊലപ്പെടുത്തിയയാളും ലഹരിക്ക് അടിമയാണെന്നാണ് പോലീസിന് കിട്ടിയ വിവരം. 2021 നവംബര്‍ 29-ന് തനിച്ചു താമസിച്ച വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്. പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന തുണ്ടിപ്പറമ്പില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ സില്‍വി(64)ക്ക് നേരേയായിരുന്നു അന്ന് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ടെറസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഇയാള്‍, സില്‍വിയുടെ തലയ്ക്ക് വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. സ്വര്‍ണമാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും അപഹരിച്ചിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സില്‍വി ഇപ്പോഴും പൂര്‍ണമായി സുഖംപ്രാപിച്ചിട്ടില്ല. അതിനിടെയാണ് കൊലപാതകം നടത്തി ഇയാള്‍ മുങ്ങിയത്.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇപ്പോഴും സാമൂഹികവിരുദ്ധരുടെ താവളമാണ്. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനു മുന്നിലെ ഹോട്ടലില്‍ കാഷ്‌കൗണ്ടറിലിരുന്ന ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായി.

ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി വിലസുന്ന എറണാകുളം നോര്‍ത്ത് പ്രദേശത്തെ സാമൂഹികവിരുദ്ധരെ അമര്‍ച്ചചെയ്യാന്‍ പോലീസ് കര്‍ശന നടപടിയെടുക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പോലീസ് പട്രോളിങ് കര്‍ശനമാക്കണമെന്നും രാത്രിപോലീസിന്റെ സ്ഥിരം സാന്നിധ്യം ആവശ്യമാണെന്നും വഴിവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരനും ജില്ലാ സെക്രട്ടറി കെ.ടി. റഹീമും ആവശ്യപ്പെട്ടു.

യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതിയെ തേടി പോലീസ്...

കൊച്ചി: എറണാകുളം ടൗണ്‍ഹാളിനു സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ച കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടില്‍ സുരേഷിനായി (38) അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സുരേഷ്.

കൊല്ലം നീണ്ടകര മേരി ലാന്‍ഡില്‍ നെല്‍സന്റെ മകന്‍ എഡിസന്‍ (35) ആണ് മദ്യക്കുപ്പികൊണ്ടുള്ള കുത്തേറ്റ് മരിച്ചത്.

ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിനു സമീപമാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ് ഇരുവരും. ഇവര്‍ തമ്മില്‍ പരിചയമുള്ളവരല്ല.

ഭക്ഷണം കഴിക്കുന്നതിനിടെ ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ സുരേഷ് കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തില്‍ കുത്തി. കുത്തേറ്റ എഡിസന്‍ ഹോട്ടലിന് പുറത്തേക്കിറങ്ങിയെങ്കിലും കുഴഞ്ഞുവീണു. 10 മിനിറ്റോളം ഹോട്ടലിനു മുന്നില്‍ ഇയാള്‍ രക്തം വാര്‍ന്നു കിടന്നു. പിന്നീട് പോലീസെത്തിയാണ് എഡിസനെ ആശുപത്രിയിലെത്തിച്ചത്.

പ്രതി സുരേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഇയാള്‍ക്ക് നഗരത്തില്‍ തന്നെ ചുറ്റിക്കറങ്ങുന്ന സ്വഭാവമാണുള്ളതെന്ന് പോലീസ് പറയുന്നു. ഇയാളുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്.

മറ്റ് സ്റ്റേഷനുകളിലേക്കും അറിയിപ്പ് കൊടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സംഭവശേഷം സമീപത്തെ ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി തന്റെ സാധനങ്ങള്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു. മുറിയില്‍നിന്നു കിട്ടിയ ആധാര്‍ കാര്‍ഡില്‍നിന്നാണ് ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേല്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ സുരേഷ് ജയിലിലായിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട എഡിസന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മില്ലങ്കല്‍ - പുത്തന്‍കാവ് റോഡിനു സമീപമുള്ള ബിയര്‍ പാര്‍ലറില്‍ വെച്ച് യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ് (21) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കഞ്ചാവുകേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് വിവരം. യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ആഴത്തിലുള്ളതായതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: criminal gangs active in kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented