വെട്ടുക്കേസില്‍ പ്രതി, ഒളിവില്‍ കഴിഞ്ഞത് തുരങ്കത്തില്‍; ക്ഷേത്രമോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ പിടിയില്‍


അഖിലിനെ തേടി പോലീസ് ഒരുമാസത്തിലേറെ കാടും മലയും കയറിയിറങ്ങി. ഇയാള്‍ തെന്മല, ആര്യങ്കാവ് വനമേഖലകളിലുള്ളതായറിഞ്ഞ അന്വേഷണസംഘം കഴുതുരുട്ടി തുരങ്കത്തിലും വനമേഖലകളിലും റോസ്മലയിലും ദിവസങ്ങളോളം തങ്ങി തിരച്ചില്‍ നടത്തി.

അറസ്റ്റിലായ അഖിൽ, ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കഴുതുരുട്ടിയിലെ തുരങ്കം

പത്തനംതിട്ട/അടൂര്‍: എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മുങ്ങിനടന്നയാള്‍ ക്ഷേത്രത്തിലെ മോഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ പിടിയിലായി. പെരിങ്ങനാട് ചാല പോളച്ചിറ വീട്ടില്‍ അഖില്‍ (കണ്ണന്‍-37) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് വള്ളിക്കോട് പുതിയടത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ഇതുകഴിഞ്ഞുപോകുമ്പോള്‍ കരുവാറ്റയില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് അറസ്റ്റിലായത്.

അടൂര്‍ പോലീസ് സ്റ്റേഷനില്‍മാത്രം 15 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ ആകെ 18 കേസുകളുണ്ട്. ഏറെയും മോഷണമാണ്.



മുന്‍വൈരത്തിന്റെ പേരില്‍ സെപ്റ്റംബര്‍ 23-നാണ് അഖില്‍ പെരിങ്ങനാട് ചാല 2006-ാംനമ്പര്‍ ശാഖായോഗം പ്രസിഡന്റ് രാധാകൃഷ്ണനെ വീട്ടില്‍കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. രാധാകൃഷ്ണനെ ആക്രമിച്ച ദിവസം സമീപവാസിയായ സന്തോഷിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കിനും അഖില്‍ തീയിട്ടു. അതിനുമുമ്പ് നെല്ലിമുകള്‍ ജങ്ഷന് സമീപം ലിജുവിന്റെ വീട്ടില്‍ മോഷണത്തിനും ശ്രമിച്ചു. ഉണര്‍ന്ന ലിജുവിനെ ആക്രമിക്കുകയും കടിക്കുകയുംചെയ്തു. ഇതിനുശേഷം സമീപവാസിയായ സതീഷിന്റെ ബൈക്കുമായി രക്ഷപ്പെട്ടു. പിന്നീട് കേരളത്തില്‍നിന്ന് മുങ്ങി അയല്‍ സംസ്ഥനങ്ങളിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയ ഇയാളെ ഒരുമാസമായി പോലീസ് തിരയുകയായിരുന്നു.

ജില്ലയിലെത്തിയത് ക്ഷേത്രത്തിനടുത്തുള്ള നിരീക്ഷണ ക്യാമറയില്‍ കണ്ടു

പുതിയടത്തുകാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ അഖില്‍ മൂന്ന് വലിയ കാണിക്കവഞ്ചികളും ഉപദേവാലയങ്ങളിലെ നാല് കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണമെടുത്തു. ഉപദേവാലയങ്ങള്‍ക്ക് മുന്‍പിലെ കാണിക്കവഞ്ചികളും കൊണ്ടുപോയി. ശ്രീകോവില്‍, കമ്മിറ്റി ഓഫീസ്, സ്റ്റോര്‍ റൂം എന്നിവിടങ്ങളിലും കയറി. കമ്മിറ്റി ഓഫീസിനുള്ളിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവുംപോയി.

ശനിയാഴ്ച പുലര്‍ച്ചെ നടതുറക്കാന്‍ പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വഞ്ചി തുറന്നിട്ട് ഒരുമാസത്തോളമായതിനാല്‍ പതിനായിരത്തിലധികം രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. പത്തനംതിട്ട ഡിവൈ.എസ്.പി. ആര്‍.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ക്ഷേത്രത്തില്‍ നിരീക്ഷണക്യാമറ ഇല്ലെങ്കിലും സമീപത്തെ വീടുകളില്‍നിന്ന് പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതില്‍നിന്ന് മോഷ്ടാവ് അഖിലാണെന്ന് മനസ്സിലായി. ഇതോടെ ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം അടൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് ചില ഫോണ്‍ സന്ദേശങ്ങള്‍ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരുവാറ്റയില്‍നിന്ന് പിടികൂടിയത്.

ഒരുമാസത്തെ അന്വേഷണം

അഖിലിനെ തേടി പോലീസ് ഒരുമാസത്തിലേറെ കാടും മലയും കയറിയിറങ്ങി. ഇയാള്‍ തെന്മല, ആര്യങ്കാവ് വനമേഖലകളിലുള്ളതായറിഞ്ഞ അന്വേഷണസംഘം കഴുതുരുട്ടി തുരങ്കത്തിലും വനമേഖലകളിലും റോസ്മലയിലും ദിവസങ്ങളോളം തങ്ങി തിരച്ചില്‍ നടത്തി. ഇതറിഞ്ഞ അഖില്‍ തമിഴ്‌നാട് വഴി ഗുജറാത്തിലേക്ക് കടന്നു. ഒരിടത്തും സ്ഥിരമായി തങ്ങാത്ത സ്വഭാവക്കാരനാണ്. സുഹൃത്തുക്കളും ഇല്ല. ഫോണ്‍ ഉപയോഗിക്കില്ല. ഇതോടെ പോലീസ് അന്വേഷണം വഴിമുട്ടി. ഇതിനിടെയാണ് വള്ളിക്കോട് മോഷണം നടത്തിയത്. ഇതില്‍ പിടിയിലാകുകയും ചെയ്തു.

അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനു, ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, എസ്.ഐ.മാരായ വിപിന്‍കുമാര്‍, സുരേഷ് ബാബു, ധന്യ, സുദര്‍ശന, എസ്.സി.പി.ഒ. രാജേഷ് ചെറിയാന്‍, സി.പി.ഒ.മാരായ സിറോഷ്, അനീഷ്, അരുണ്‍ലാല്‍, ശ്രീജിത്ത്, സുനില്‍കുമാര്‍, അമല്‍, സതീഷ്, റോബി, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

തുരങ്കം കുറ്റവാളികളുടെ താവളം

ആര്യങ്കാവിനുസമീപം കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കഴുതുരുട്ടിയിലെ തുരങ്കം കുറ്റവാളികളുടെ താവളമാണെന്ന് അടൂര്‍ പോലീസ് പറഞ്ഞു. അഖിലും ഇവിടെയാണ് തമ്പടിച്ചിരുന്നത്.

Content Highlights: criminal case accused arrested after temple theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented