സുരേഷ് റെയ്‌ന(ഇടത്ത്) ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ(വലത്ത്) | Photo: UNI & twitter.com/MeghUpdates
ആഗ്ര: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും അന്തസംസ്ഥാന കവര്‍ച്ചാസംഘാംഗവുമായ യുവാവിനെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായ റാഷിദാണ് യു.പി. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി മുസാഫര്‍നഗറിലെ ഷാഹ്പുര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ക്രിമിനലായ റാഷിദും കൂട്ടാളിയും ഷാഹ്പൂരിലുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പോലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദിനെ പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. വെടിവെപ്പില്‍ ഷാഹ്പുര്‍ എസ്.എച്ച്.ഒ. ബബ്ലുകുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
2020 ഓഗസ്റ്റിലാണ് റാഷിദ് അടക്കമുള്ള ഗുണ്ടാസംഘം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ അതിദാരുണമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയും സുരേഷ് റെയ്‌നയുടെ ബന്ധുവുമായ
അശോക് കുമാര്‍, ഭാര്യ ആശ റാണി, കൗശല്‍ കുമാര്‍ എന്നിവരാണ് വീട്ടിലെ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഈ കേസില്‍ മുഖ്യസൂത്രധാരനായ ഛജ്ജുവിനെ 2021 ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലായി.
Content Highlights: criminal accused who involved in suresh raina's relatives murder case killed by up police encounter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..