സിറ്റി പോലീസില്‍ 'ആളില്ല'; കൊച്ചിയിലെ രാത്രികാല പട്രോളിങ് 'കടത്തുകഴിക്കല്‍'


ടി.ജെ. ശ്രീജിത്ത്

കൊച്ചി നഗരത്തിലെ യുവാക്കളില്‍ പത്തില്‍ രണ്ടുപേരെങ്കിലും ഒരു തവണ എം.ഡി.എം.എ. ഉപയോഗിച്ചവരാണെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍

പ്രതീകാത്മക ചിത്രം | PTI

കൊച്ചി: സ്റ്റേഷന്‍ പരിധി കൊച്ചി കോര്‍പ്പറേഷന്റെ 11 ഡിവിഷനുകള്‍. സ്റ്റേഷനില്‍ ആകെയുള്ളത് 36 പോലീസുകാരും. കൊച്ചി സിറ്റി പോലീസിന്റെ അധികാര പരിധിയിലുള്ള ഒരു പോലീസ് സ്റ്റേഷന്റെ അവസ്ഥയാണിത്. അന്വേഷിച്ചപ്പോള്‍ ഒന്നിന്റെ മാത്രമല്ല, സിറ്റി പോലീസില്‍ എവിടെയും അനുവദിക്കപ്പെട്ട എണ്ണം പോലീസുകാരില്ല. പട്രോളിങ്ങിനും നൈറ്റ് ഡ്യൂട്ടിക്കും വരെ ഉള്ളവരെ കൊണ്ട് ചുമടെടുപ്പിക്കുന്നതാണിപ്പോഴത്തെ 'പോലീസ് നയം'. രാത്രികാല പട്രോളിങ്ങില്‍നിന്നും ഇടപെടലുകളില്‍നിന്നും പോലീസ് പിന്‍വാങ്ങിയതിനും കാരണം ഇതുതന്നെ. പോലീസിന്റേതല്ലാത്ത പദ്ധതിയും പണിയും തലയില്‍ കെട്ടിവെക്കുന്ന സ്ഥിതിയായി. ഒന്നിടവിട്ട ദിവസം നൈറ്റ് ഡ്യൂട്ടിയെടുക്കണം. അവധി പോലും കിട്ടാത്ത സ്ഥിതി. പട്രോളിങ് ഡ്രൈവറും എസ്.ഐ.യും മാത്രമുള്ള അവസ്ഥയും ഉണ്ടാകാറുണ്ട്. കുറച്ചുകാലം മുമ്പുവരെ ആംഡ് റിസര്‍വ് ക്യാമ്പില്‍നിന്ന് ഓരോ സ്റ്റേഷനിലേക്കും പോലീസുകാരെ അറ്റാച്ച് ചെയ്ത് രാത്രികാല പട്രോളിങ്ങിന് ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അത് നിര്‍ത്തി. ഇതോടെ രാത്രികാല പട്രോളിങ് 'കടത്തു കഴിക്കലായി'.

റിസ്‌ക് എടുക്കാനില്ലേ...പട്രോളിങ്ങില്‍നിന്നുള്‍പ്പെടെ സിറ്റി പോലീസ് പിന്‍വാങ്ങിയതാണ് കൊച്ചി നഗരം അരാജകത്വത്തിലേക്ക് വീഴാനുള്ള കാരണങ്ങളിലൊന്ന്. ഏതു സംഭവത്തില്‍ ഇടപെട്ടാലും പോലീസിനെതിരേ കാര്യങ്ങള്‍ തിരിയുന്ന അവസ്ഥ. അക്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും അത് പോലീസിനെതിരേയുള്ളതായി മാറുകയും ചെയ്യുന്നു. പോലീസിന്റെ ഭാഗത്തല്ല തെറ്റെങ്കിലും പരാതി ഉയര്‍ന്നാല്‍ വിശദമായ അന്വേഷണത്തിനു പോലും മുതിരാതെ സസ്‌പെന്‍ഷന്‍ കിട്ടുമെന്ന സ്ഥിതി. എന്തെങ്കിലും സംഭവിച്ചാല്‍ മേലുദ്യോഗസ്ഥരടക്കം കൈമലര്‍ത്തുമെന്നുറപ്പായതോടെ സ്വന്തം 'തടി' നോക്കിയാല്‍ മതിയെന്നാണു പോലീസുകാരുടെ മനസ്സിലിരിപ്പ്. രാത്രി പട്രോളിങ്ങില്‍ ഒരാളെ പോലും വിശദമായി ചോദ്യം ചെയ്യാനാകുന്നില്ല. പൗരാവകാശം പറഞ്ഞ് അപ്പോഴേക്കും ആളെത്തും.

വില്ലന്‍ എം.ഡി.എം.എ.

പണ്ടൊക്കെ കഞ്ചാവും മയക്കുമരുന്നും വിറ്റിരുന്നവരെ പോലീസിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇവരെ പൊക്കാനും എളുപ്പമായിരുന്നു. കഞ്ചാവില്‍നിന്ന് എം.ഡി.എം.എ. പോലുള്ള സിന്തറ്റിക് ലഹരിയിലേക്ക് മാറിയതോടെ ഒളിപ്പിക്കാനും കൊണ്ടുനടക്കാനും എളുപ്പമായി. പഞ്ചസാര തരിയോളമുള്ള എം.ഡി.എം.എ. കടത്തിക്കൊണ്ടുപോയാല്‍ ആരും കണ്ടുപിടിക്കില്ലെന്ന വിശ്വാസം വന്നതോടെ ചെറുപ്പക്കാരുടെ വലിയ ഒഴുക്കാണ് ലഹരിയിലേക്കുണ്ടായത്. പെണ്‍കുട്ടികളടക്കം സിന്തറ്റിക് ലഹരിയുടെ കടത്തുകാരും ഉപയോക്താക്കളുമായി.

ഒറിജിനല്‍ എം.ഡി.എം.എ. ആണെങ്കില്‍ 16 മണിക്കൂറോളം അതിന്റെ ഊര്‍ജം ഉപയോഗിക്കുന്നയാളിലുണ്ടാകും. ആടാം പാടാം എന്തും ചെയ്യാം. ഡി.ജെ. പാര്‍ട്ടികളില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ എനര്‍ജി കിട്ടുമെന്നതാണ് ഇതിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. എം.ഡി.എം.എ. ഒരു ഗ്രാമിന് 1,500-2000 രൂപയ്ക്ക് കൊച്ചിയില്‍ ലഭിക്കും. നാലുപേര്‍ക്ക് വരെ ഒരു ഗ്രാം ധാരാളം. ഷെയറിട്ട് വാങ്ങിയാലും കാര്യമായ ചെലവ് വരില്ല. ഗന്ധമൊന്നുമില്ലാത്തതിനാല്‍ ഒരാള്‍ പോലും അറിയില്ല. പാര്‍ട്ടി ഡ്രഗ് ആയതിനാല്‍ എപ്പോഴും ഉപയോഗിക്കുന്നവരും കുറവാണ്. സ്ഥിരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മരണം ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു. കൊച്ചി നഗരത്തിലെ യുവാക്കളില്‍ പത്തില്‍ രണ്ടുപേരെങ്കിലും ഒരു തവണ എം.ഡി.എം.എ. ഉപയോഗിച്ചവരാണെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍.

Also Read

44 ദിവസം, ഏഴ് കൊലപാതകം; കൊലക്കളമായി കൊച്ചി, ...

പ്രത്യേക അതിഥികൾ, അവർക്കായി സ്ത്രീകളും; ...

രാത്രി 12-നു ശേഷം അടയ്ക്കാത്ത കടകള്‍

കൊച്ചി നഗരത്തില്‍ രാത്രി 12-നു ശേഷം കടകള്‍ തുറക്കരുതെന്നാണ് പോലീസ് ഉത്തരവ്. എന്നാല്‍ നഗരത്തില്‍ രാത്രിയില്‍ മാത്രം തുറക്കുന്ന തട്ടുകടകളും ഹോട്ടലുകളുമാണ് നിറയെ. ഇത്തരം ഭക്ഷണശാലകള്‍ നിയന്ത്രണമേതുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തുന്നു. പലതും കോര്‍പ്പറേഷന്‍ ലൈസന്‍സ് നിബന്ധനയനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഈ കടകള്‍ പോലീസ് അടപ്പിക്കാന്‍ ചെന്നാല്‍ വാക്കുതര്‍ക്കമാകും. പോലീസ് നിര്‍ബന്ധിച്ച് കടയടപ്പിച്ചെന്ന മട്ടിലാകും പ്രചാരണം. പിറ്റേന്ന് അത് വലിയ പ്രശ്നമായി മാറും. ഇതോടെ കടകളടപ്പിക്കലില്‍നിന്ന് പോലീസ് പിന്‍വാങ്ങി.

മെട്രോ സ്റ്റേഷനുകള്‍ തണലാകുന്നു
നഗരപരിധിക്കുള്ളിലെ മെട്രോ സ്റ്റേഷനുകളുടെ താഴ്ഭാഗം സാമൂഹിക വിരുദ്ധരുടെയും ഇതര സംസ്ഥാനക്കാരുടെയും താവളമാണ്. മീഡിയനില്‍ വരെ കിടന്നുറങ്ങുന്നവരുണ്ട്. ഇതില്‍ മോഷ്ടാക്കളുള്‍പ്പെടെയുള്ള ക്രിമിനലുകള്‍ ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. എന്നിട്ടും ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് തയ്യാറല്ല. ഇടയ്ക്കിടെ സംഘട്ടനങ്ങളും ഇവിടങ്ങളില്‍ ഉണ്ടാകാറുണ്ട്.

ട്രാന്‍സ്ജെന്‍ഡേഴ്സിനെ തൊടില്ല

രാത്രികാലങ്ങളില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സിനെ തൊടാനാകാത്ത സ്ഥിതിയാണ് പോലീസിന്. സര്‍ക്കാര്‍ നയം ട്രാന്‍സ്ജെന്‍ഡേഴ്സിന് അനുകൂലമായതിനാല്‍ പോലീസിനും നടപടിയെടുക്കാന്‍ മടി. ആദ്യകാലത്ത് ഇടപാടുകാരെ വിരട്ടിയോടിക്കാറുണ്ടായിരുന്നു. പക്ഷേ ട്രാന്‍സ്ജെന്‍ഡേഴ്സുമായും ഇടപാടുകാരുമായും നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നതോടെ ഇതും നിര്‍ത്തി.

മൊബൈലില്ലെങ്കില്‍ പ്രതിയുമില്ല

പ്രതി മൊബൈല്‍ ഉപേക്ഷിച്ചാല്‍ പോലീസ് പെട്ടു....! പുതിയകാലത്ത് പ്രതിയെ ട്രാക്ക് ചെയ്യുന്നത് മൊബൈല്‍ ടവര്‍ വഴിയാണ്. പക്ഷേ കുറ്റാന്വേഷണ സിനിമകളില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കിയതോടെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ ആദ്യം സ്വന്തം മൊബൈല്‍ ഉപേക്ഷിക്കും. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ മറ്റൊരു ഫോണില്‍നിന്നു പോലും വിളിക്കില്ല. അതോടെ പോലീസ് ഇരുട്ടില്‍ തപ്പും.

അംബേദ്കര്‍ സ്റ്റേഡിയത്തിലെ കാടുവെട്ടി പോലീസ്

കൊച്ചി: നഗരത്തിലെ സാമൂഹിക വിരുദ്ധരുടെ പ്രധാന താവളങ്ങളിലൊന്നായ ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിച്ച് സിറ്റി പോലീസ്. അനാശാസ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നയിടമാണ് ഇവിടം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സി. ജയകുമാര്‍, സെന്‍ട്രല്‍ സി.ഐ. വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് കാട് വെട്ടി തെളിച്ചത്.

പൊന്തക്കാടിനുള്ളില്‍ മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി. രാത്രിയില്‍ ഇവിടെ പട്രോളിങ് ഏര്‍പ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

Content Highlights: crimes in kochi and kochi city police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented