പി.സി.ജോർജ്, സ്വപ്‌ന സുരേഷ് | ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലില്‍ കെ.ടി.ജലീല്‍ നല്‍കിയ ഗൂഢാലോചന പരാതിയില്‍ പി.സി. ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചായിരിക്കും ചോദ്യംചെയ്യല്‍.
നേരത്തെ വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്താനായിരുന്നു പി.സി. ജോര്‍ജിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ അന്നേദിവസം അസൗകര്യമുണ്ടെന്ന് പി.സി. ജോര്‍ജ് മറുപടി നല്‍കി. തുടര്‍ന്നാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. കേസില്‍ സ്വപ്‌ന സുരേഷും പി.സി. ജോര്‍ജുമാണ് പ്രതികള്‍.
ഗൂഢാലോചനാക്കേസിലെ ചോദ്യംചെയ്യലിനായി സ്വപ്‌ന സുരേഷിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇ.ഡി.യും പോലീസും ഒരേദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു സ്വപ്‌നയുടെ വിശദീകരണം. ഇതോടെ സ്വപ്‌നയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നേരത്തെ ഷാജ് കിരണ്‍, സരിത്ത് എന്നിവരെയും കേസില്‍ ചോദ്യംചെയ്തിരുന്നു.
അതിനിടെ, സ്വപ്‌ന സുരേഷ് ബുധനാഴ്ച ഇ.ഡി.യ്ക്ക് മുന്നില്‍ ഹാജരാകില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മറ്റൊരുദിവസം ഹാജരാകാമെന്ന് സ്വപ്‌ന സുരേഷ് ഇ.ഡി.യെ അറിയിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. സ്വപ്നയെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..