ദിലീപ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കാതിരുന്ന രണ്ട് ഫോണുകളിലെ വിവരങ്ങളുടെ പകര്‍പ്പ് (മിറര്‍ ഇമേജ്) ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവാകുമിതെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
ഇതുകൂടാതെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ മറ്റ് ആറു ഫോണുകളുടെയും വിവരങ്ങള്‍ അടങ്ങുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കോടതി മുഖാന്തരം ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായി സ്വീകരിക്കാന്‍ വിചാരണ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനൊരുങ്ങുകയാണ്.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭാര്യാ സഹോദരന്‍ ടി.എന്‍. സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇതുവരെ ഹാജരാക്കാതിരുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനും സുരാജിനും ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ശരത്തിന് മുന്‍കൂര്‍ ജാമ്യം
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്തും ആറാം പ്രതിയുമായ ശരത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവയിലെ ഹോട്ടലുടമയായ ശരത്തിനെ നടിയെ ആക്രമിച്ച കേസിലും പ്രതിയാക്കിയിരുന്നു.
Content Highlights: Crime branch get Mobile phone details of actor Dileep, other in Actress attack case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..