1. പ്രതീകാത്മക ചിത്രം 2. അശ്വിൻ വി. മേനോൻ
ബേപ്പൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ 'പ്രസീത'യില്‍ അശ്വിന് വി. മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്കി ഒമ്പതുലക്ഷംരൂപ കൈവശപ്പെടുത്തുകയും വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ തടി കൂടുതലാണെന്നു പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
2020-ലും 2021-ലും അശ്വിന് പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളിസ്ത്രീയെയും വിവാഹവാഗ്ദാനം നല്കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.
നിലവില്‍ ഇയാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി. സിജിത്തിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അശ്വിന്റെ ഗൂഗിള്‍ പേ പരിശോധിച്ചപ്പോള്‍ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറില്‍നിന്ന് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.
എസ്.ഐ. ഷുഹൈബ് പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ബേപ്പൂര്‍ എസ്.ഐ.മാരായ ഷൈജു, ജയപ്രകാശന്‍, എ.എസ്.ഐ.മാരായ മുഹമ്മദ് സുനീര്‍, ലാലു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇ-മെയില്‍വഴി പരാതി നല്‍കിയിരുന്നെങ്കിലും മാനഹാനി ഭയന്ന് തുടര്‍നടപടികളിലേക്ക് പോവാതിരിക്കുകയായിരുന്നെന്ന് ബേപ്പൂര്‍ പോലീസ് പറഞ്ഞു. ബി.കോം. ബിരുദധാരിയായ ഇയാള്‍ക്കെതിരേ കൂടുതല്‍ യുവതികളുടെ പരാതി ലഭിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന.
Content Highlights: crime beat social media cheating woman aswin v menon beypore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..