Screengrab: Mathrubhumi
കോഴിക്കോട്: ബാലുശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ബാലുശ്ശേരി പാലോളിമുക്കില്വെച്ചാണ് ജിഷ്ണു രാജ് എന്ന സി.പി.എം. പ്രവര്ത്തകന് മര്‍ദനമേറ്റത്. എസ്.ഡി.പി.ഐ.യുടെ ഫ്ളക്സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചതെന്നും സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നും ജിഷ്ണുരാജ് ആരോപിച്ചു.
അര്‍ധരാത്രി ഒരുമണിയോടെയാണ് ജിഷ്ണുവിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. വടിവാളുമായി ജിഷ്ണു ആക്രമിക്കാനെത്തിയെന്നും ഫ്ളക്സ് ബോര്‍ഡ് കീറിയെന്നുമാണ് ഇവരുടെ ആരോപണം. ജിഷ്ണുവിനെ മര്‍ദിച്ചശേഷം പരസ്യവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആര് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് ചോദിക്കുമ്പോള്‍ പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ജിഷ്ണു മറുപടി പറയുന്നതും ചിലരുടെ പേരുകള്‍ ചോദിച്ച് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, കൈയിലുള്ള വടിവാള്‍ ആക്രമിക്കാന്‍ എത്തിയവര്‍ തന്റെ കൈയില്‍ പിടിപ്പിച്ചതാണെന്നാണ് ജിഷ്ണുരാജിന്റെ മൊഴി.തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചെന്നും സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നും യുവാവ് ആരോപിച്ചു. മുപ്പതോളം പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ഏകദേശം രണ്ടുമണിക്കൂറിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തി ജിഷ്ണുരാജിനെ കസ്റ്റഡിയിലെടുത്തത്. വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്ണുവിനെ മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..