ബിജുമോൻ വർഗീസ്,ഒ.എ. സലാഹുദ്ദീൻ
കാക്കനാട്(കൊച്ചി): ഫിറ്റ്നസ് സെന്റര്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. സി.പി.എം. തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം പടമുകള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എ. സലാഹുദ്ദീന്‍ (32), ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് (42) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാംപ്രതിയാണ് സലാഹുദ്ദീന്‍.
കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു അതിക്രമം. സ്ഥാപന ഉടമയായ പാലക്കാട് സ്വദേശി എസ്. സുധീഷിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി പതിനൊന്നരയ്ക്ക് നാല്‍പ്പതോളം ആളുകള്‍ സ്ഥാപനത്തിലെത്തുകയും സ്ഥാപന ഉടമകളെയും ജീവനക്കാരെയും മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ചെക്ക് വാങ്ങിയ ശേഷം കാറും തട്ടിയെടുത്തു.
എം.ഡി.എം.എ. ആണെന്ന് തോന്നിപ്പിക്കാന്‍ ഉപ്പുപോടി വിതറിയും ഗര്‍ഭനിരോധന ഉറകള്‍, ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ തുടങ്ങിയവ നിരത്തിവെച്ചും മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന രീതിയില്‍ അക്രമി സംഘം കടയുടമയുടെ വീഡിയോ എടുത്തുവെന്നും പോലീസ് പറഞ്ഞു. ഈ കേസില്‍ കളമശ്ശേരി സ്വദേശി ഷഫീക്കലി, ഷാഹുല്‍ ഹമീദ്, സനൂപ്, ആഷിക്, ഒലിമുകള്‍ സ്വദേശി അഷ്‌കര്‍, ആലുവ സ്വദേശി സുനീര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Content Highlights: cpm local leader and another one arrested for attacking fitness center in kakkanad kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..