പോലീസ് നടപടിയിൽ സി.പി.എം. പ്രവർത്തകർ പരപ്പുപാറയിൽ പ്രതിഷേധയോഗം ചേർന്നപ്പോൾ
നാദാപുരം: എട്ടുമാസംമുമ്പത്തെ കേസില്‍ വാറന്റായതിനെത്തുടര്‍ന്ന് സി.പി.എം. വാണിമേല്‍ ലോക്കല്‍കമ്മിറ്റി അംഗം കെ.പി. രാജന്‍, കൊമ്മിയോട് എച്ച്.എസ്. ബ്രാഞ്ച് സെക്രട്ടറി പറമ്പത്ത് പവിത്രന്‍ എന്നിവരെ വളയം എസ്.ഐ. അനീഷ് വടക്കേടത്തും സംഘവും അര്‍ധരാത്രി വീട്ടില്‍ക്കയറി അറസ്റ്റുചെയ്തു. ഇവരെ പോലീസ് ജീപ്പിലിട്ട് മര്‍ദിച്ചതായി സി.പി.എം. നേതാക്കള്‍ ആരോപിച്ചു.
നേതാക്കളെ നാദാപുരം ഗവ. താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചതിന് പിന്നാലെ എസ്.ഐ.യും സി.പി.എം. നേതാക്കളും തമ്മില്‍ ആശുപത്രിപരിസരത്ത് വാക്തര്‍ക്കവും സംഘര്‍ഷവുമുണ്ടായി.
എട്ടുമാസംമുമ്പ് പരപ്പുപാറയില്‍ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് സി.പി.എം. നേതാക്കളെ അറസ്റ്റുചെയ്തത്. ക്യത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പോലീസിന്റെ പരാതിയിലാണ് കേസെടുത്തത്. കേസില്‍ കോടതി പലതവണ സമന്‍സ് അയച്ചെങ്കിലും ഹാജരാകാത്തതിനെത്തുടര്‍ന്ന് വാറന്റാകുകയായിരുന്നു.
പുലര്‍ച്ചെ ഒന്നരയോടെ ഗവ.ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി നേതാക്കളെ എത്തിച്ചപ്പോഴേക്കും ഏരിയാകമ്മിറ്റി അംഗം സി.എച്ച്. മോഹനന്‍, ലോക്കല്‍സെക്രട്ടറി ടി. പ്രദീപ്കുമാര്‍, പനയുള്ളതില്‍ ചന്ദ്രന്‍, കെ.പി. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ അവിടെയത്തി. എസ്.ഐ. അനീഷ് മദ്യലഹരിയിലാണെന്നും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സി.പി.എം. നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ ഘരാവോ ചെയ്തതായി എസ്.ഐ. പറഞ്ഞു. എസ്.ഐ. പിന്നീട് മറ്റൊരു പോലീസ് വാഹനത്തില്‍ പുറത്തേക്കുകൊണ്ടുപോയി.
ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ സി.പി.എം. നേതാക്കളെ 400 രൂപ പിഴയടച്ചശേഷം വിട്ടയച്ചു. എസ്.ഐ.യുടെ നടപടിക്കെതിരേ മുഖ്യമന്ത്രി, ഡി.ജി.പി, റൂറല്‍ എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കിയതായി വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ്കുമാര്‍ പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പരപ്പുപാറടൗണില്‍ പ്രകടനം നടത്തി.
Content Highlights: cpm leaders arrested in nadapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..