കൈയ്ക്കും കാലിനുംവെട്ടേറ്റു, മരണം രക്തംവാര്‍ന്ന്; ഷാജഹാനെ ആക്രമിച്ചത് വീടിന് നൂറുമീറ്റര്‍ ദൂരെവെച്ച്


ഷാജഹാന്റെ മൃതദേഹം കുന്നങ്കാട് വീട്ടിൽ കൊണ്ടുവന്നപ്പോൾ അലമുറയിട്ട് കരയുന്ന ബന്ധുക്കളും സമീപവാസികളും/ ഷാജഹാൻ

പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കല്‍കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലമ്പുഴ കൊട്ടേക്കാട് സ്വദേശികളായ നവീന്‍ (28), സിദ്ധാര്‍ഥന്‍ (24) എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. മലമ്പുഴ കവഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന കൊട്ടേക്കാട് സ്വദേശികളായ ആറുപേരെക്കൂടി ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. പ്രഥമവിവരറിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍.) മൂന്നാമതായാണ് നവീന്റെ പേര്. സിദ്ധാര്‍ഥന്‍ അഞ്ചാമനാണ്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചനയുണ്ട്.

കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്യുകയാണ്. വിവരങ്ങള്‍ പൂര്‍ണമായി ശേഖരിച്ചശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ കൊട്ടേക്കാട് കുന്നങ്കാട്ട്, വീടിന് നൂറുമീറ്റര്‍ അടുത്തുവെച്ചാണ് ഷാജഹാന് വെട്ടേറ്റത്. കൈയ്ക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. കാലിനേറ്റ ആഴമുള്ള മുറിവില്‍നിന്ന് രക്തം ധാരാളമായി വാര്‍ന്നുപോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ബി.ജെ.പി. അനുഭാവികളായ എട്ടുപേര്‍ സംഘം ചേര്‍ന്ന് രാഷ്ട്രീയവിരോധത്താല്‍ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നത്. എട്ടാളുകളുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പ്രതിപ്പട്ടികയിലുള്ളവര്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന ആരോപണം പാര്‍ട്ടിനേതൃത്വം നിഷേധിച്ചിട്ടുണ്ട്.

അതേസമയം, പ്രതികള്‍ ബി.ജെ.പി. അനുഭാവികള്‍തന്നെയാണോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും അന്വേഷണത്തില്‍ എല്ലാ തെളിവും ശേഖരിച്ച് പരിശോധിച്ചുറപ്പിച്ചശേഷമേ പറയാനാവൂയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരും ഇരുപതോളം പോലീസുകാരുമടങ്ങുന്ന സംഘത്തിനാണ് അന്വേഷണച്ചുമതല.

നാട് വിതുമ്പി, ഷാജഹാനെ ഓര്‍ത്ത്

'ഷാജഹാനേ, പൊന്നുമോനേ, ഒന്ന് കണ്ണുതുറക്കെടാ...' വെട്ടേറ്റുമരിച്ച സി.പി.എം. പ്രവര്‍ത്തകന്‍ ഷാജഹാന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കുമ്പോള്‍, ഉറ്റവരുടെ നിലവിളികളായിരുന്നു എങ്ങും. രാജ്യംമുഴുവന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നദിവസം, മകന്റെ മൃതദേഹം കണേണ്ടിവന്ന മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്.

ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റുേമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍, നൂറുകണക്കിനാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജില്ലാ ആശുപത്രിയിലെത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍, ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി.കെ. രാജേന്ദ്രന്‍, എന്‍.എന്‍. കൃഷ്ണദാസ്, ജില്ലാ സെക്രട്ടേറിയറ്റംഗം എ. പ്രഭാകരന്‍ എം.എല്‍.എ., പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടിപതാക പുതപ്പിച്ചു.

മൃതദേഹം മുദ്രാവാക്യം വിളികളോടെ ആംബുലന്‍സില്‍ കല്ലേപ്പുള്ളിയിലെ സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നു. ഒന്നരയോടെ വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക്. ഒരുമണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനം. മൂന്നുമണിയോടെ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കല്ലേപ്പുള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി.

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി, പി. മമ്മിക്കുട്ടി എം.എല്‍.എ., വി. ചെന്താമരാക്ഷന്‍, ടി.എം. ശശി, പാലക്കാട് ഏരിയാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങി ഒട്ടേറെ നേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

മുമ്പും വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍

ഷാജഹാന് മുമ്പും വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. നവീനെന്നയാളില്‍നിന്ന് പലപ്പോഴായി വധഭീഷണിയുണ്ടായിരുന്നതായി ഷാജഹാന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും വ്യക്തമാക്കി. ബി.ജെ.പി. പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്നും സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നവരാണ് ഇവരെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇപ്പോള്‍ പോലീസ് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കപ്പെട്ടവരെല്ലാം ഷാജഹാന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് മുമ്പ് ഭീഷണിയുണ്ടായിരുന്നെങ്കിലും ഷാജഹാന്‍ ഇത് കണക്കിലെടുത്തില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

കൊല നടത്തിയവര്‍ ഷാജഹാനൊപ്പം നടന്നവരാണെന്നും 'അണ്ണാ'യെന്ന് വിളിച്ച് ഒപ്പമുണ്ടായിരുന്നെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും ഷാജഹാന്റെ മാതാവ് എസ്. സുലേഖ പറയുന്നു. സി.പി.എം. പാര്‍ട്ടിപ്പത്രം വരുത്തുന്നതിനെച്ചൊല്ലി നേരത്തെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്ന ആരോപണങ്ങളും ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല.

പരസ്പരം പഴിചാരി സി.പി.എം., ബി.ജെ.പി.

സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകത്തിനുപിന്നില്‍ ആരെന്നതില്‍ അവ്യക്തത നിലനില്‍ക്കേ, പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പി-ആര്‍.എസ്.എസ്. നേതൃത്വവും. കൊലയ്ക്കുപിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് സി.പി.എം. ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. കൊല നടന്ന ദിവസം സാമൂഹികമാധ്യമങ്ങളില്‍, ഷാജഹാനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രചാരണം നടന്നത്.

ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട ബോര്‍ഡ് വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. പ്രഥമവിവരറിപ്പോര്‍ട്ടുപ്രകാരം, പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാള്‍ രാഖി ധരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആര്‍.എസ്.എസ്. സംഘടിപ്പിച്ച രക്ഷാബന്ധന്‍ പരിപാടിയില്‍ പ്രതികള്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു.

സി.പി.എം. ആരോപണങ്ങളെ പാടേ നിഷേധിച്ച് ബി.ജെ.പി. ജില്ലാനേതൃത്വവും രംഗത്തെത്തി. സംഭവത്തില്‍ ഒരു പങ്കുമില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു. ജില്ലയിലെ ആര്‍.എസ്.എസ്. നേതൃത്വവും ഇതേ നിലപാടിലാണ്. ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.എം. പ്രവര്‍ത്തകര്‍തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇതിനുപിന്നിലെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എം. സുരേഷ് എന്നിവര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ വിഭാഗീയത മറച്ചുവെയ്ക്കാന്‍ കൊലപാതകം ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിപ്പട്ടികയിലുള്ളവരുടെ സാമൂഹികമാധ്യമപേജുകള്‍ പരിശോധിച്ചാല്‍, മുഴുവന്‍ സി.പി.എം. അനുകൂല പോസ്റ്റുകളാണെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് ബി.ജെ.പി. ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് കൊലയ്ക്കുകാരണമെന്ന് ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് എ.സി. രാജേന്ദ്രന്‍ പ്രതികരിച്ചു.

Content Highlights: CPM leader Shahjahan’s murder: Police nab all accused, died of bleeding says autopsy report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented