വ്യാജ അക്കൗണ്ടിന്റെയും പണം ചോദിച്ച് സന്ദേശം അയച്ചതിന്റെയും സ്ക്രീൻഷോട്ടുകൾ.
മൂവാറ്റുപുഴ: കേരള ബാങ്ക് പ്രസിഡന്റും സി.പി.എം. സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഗോപി കോട്ടമുറിക്കല്‍ സൈബര്‍ പോലീസിന് വിവരം കൈമാറി. പ്രൊഫ. എം.കെ. സാനുവിനൊപ്പം നില്ക്കുന്ന കവര്‍ ചിത്രവും ഗോപി കോട്ടമുറിക്കലിന്റെ പുതിയ ചിത്രവും ഉള്‍പ്പെടെ ഔദ്യോഗിക അക്കൗണ്ടിന് സമാനമായ രൂപത്തിലാണ് വ്യാജ എഫ്.ബി. അക്കൗണ്ട്.
പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചവരില്‍ ചിലര്‍ ഫോണില്‍ വിളിച്ച് കോട്ടമുറിക്കലിനെ വിവരം ധരിപ്പിച്ചു. സി.പി.എം. കരിമണ്ണൂര്‍ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ മെസഞ്ചറിലേക്ക് 15,000 രൂപ ആവശ്യപ്പെട്ട് സന്ദേശം എത്തിയതോടെ തട്ടിപ്പ് ഉറപ്പിച്ചു. ഉടന്‍തന്നെ സൈബര്‍ പോലീസില്‍ പരാതി നല്കി.
ഫോണ്‍ പേ ചെയ്യാനാവശ്യപ്പെട്ട് 7074137041 എന്ന നമ്പറും ഇതില്‍ അറിയിച്ചിരുന്നു. യാത്രയിലാെണന്നും പണത്തിന് അത്യാവശ്യമുണ്ടെന്നും ഉടന്‍ അയയ്ക്കണമെന്നും അറിയിച്ച് ഇംഗ്ലീഷിലുള്ള സന്ദേശമാണ് എല്ലാവര്ക്കും ലഭിച്ചത്. 'ലിവ് ഇന്‍ അഹമ്മദാബാദ്' എന്ന് മുഖ പേജില്‍ നല്‍കിയിട്ടുമുണ്ട്. എത്ര ദിവസമായി ഈ തട്ടിപ്പിന് ശ്രമം തുടങ്ങിയിട്ട് എന്ന് വ്യക്തമായിട്ടില്ല.
ബുധനാഴ്ച രാവിലെ 11.30-നാണ് ഇത്തരത്തില്‍ സന്ദേശം വരുന്നുണ്ടെന്നു കാണിച്ച് ആയവനയില്‍ നിന്ന് ഒരാള്‍ വിളിച്ചത്. പിന്നാലെ വിദേശത്തുള്ളവരും വിളിച്ചു. 'കോട്ടമുറിക്കല്‍'എന്നതിനു പകരം 'ഗോട്ടമുറിക്കല്' എന്നാണ് ഇതില്‍ എഴുതിയിരുന്നത് എന്നതും സംശയത്തിനിടയാക്കി. മാത്രമല്ല ഹൈദരാബാദിലാണ് താമസമെന്നും കണ്ടതോടെ സംശയം ബലപ്പെട്ടു. ഫെയ്സ് ബുക്കിന്റെ തന്നെ ഔദ്യോഗിക വിഭാഗത്തില്‍ എറണാകുളത്തുള്ള അഭിഭാഷകന് മുഖേന പരാതി രജിസ്റ്റര്‍ ചെയ്തതായും ഗോപി കോട്ടമുറിക്കല്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
യഥാര്‍ഥ അക്കൗണ്ടിന്റെ വിശദാംശങ്ങളും തിരിച്ചറിയല്‍ രേഖയും സഹിതമാണ് കമ്പനിയെ അറിയിച്ചത്. ഇതോടെ വ്യാജ അക്കൗണ്ട് കണ്ടെത്തി കമ്പനിതന്നെ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 8.20-നു ശേഷം അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും കോട്ടമുറിക്കല്‍ പറഞ്ഞു.
സൈബര്‍ അന്വേഷണം തുടരുമെന്നും ഇദ്ദേഹം അറിയിച്ചു. 63 പേരോട് പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പിന് ആരും ഇരയാകരുതെന്നു കാണിച്ച് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഗോപി കോട്ടമുറിക്കല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..