കഠിനതടവിനു ശിക്ഷിച്ച അൻസക്കീർ, നൗഫൽ, ആരിഫ്, മാലിക്, ആഷർ, ആഷിഖ്, ഹബീബ് റഹ്മാൻ
നെയ്യാറ്റിന്‍കര: നേമം, വെള്ളായണി അല്‍തസ്ലീം വീട്ടില്‍ കബീറിന്റെ മകന്‍ റഫീഖിനെ(24) കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവിന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. 2016 ഒക്ടോബര്‍ ഏഴിന് രാത്രി 9.30-ന് കാരയ്ക്കാമണ്ഡപം, തുലവിളയില്‍വെച്ച് റഫീഖിനെ കാറ്റാടിക്കഴകൊണ്ട് പ്രതികള്‍ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിലെ ആറാം പ്രതിയെ കോടതി വെറുതേ വിട്ടു.
കേസിലെ പ്രതികളായ കാരയ്ക്കാമണ്ഡപം, അമ്പലത്തിന്‍വിള അന്‍സക്കീര്‍ മന്‍സിലില്‍ അന്‍സക്കീര്‍(28), കാരയ്ക്കാമണ്ഡപം, ശിവന്‍കോവിലിനു സമീപം നൗഫല്‍(27), കാരയ്ക്കാമണ്ഡപം, താന്നിവിള റംസാന മന്‍സിലില്‍ ആരിഫ്(30), ആറ്റുകാല്‍ ബണ്ട് റോഡില്‍ ശിവഭവനത്തില്‍ സനല്‍കുമാര്‍ എന്ന് വിളിക്കുന്ന മാലിക്(27), കാരയ്ക്കാമണ്ഡപം, ബി.എന്‍.വി. കോംപ്ലക്‌സിനു സമീപം ആഷര്‍(26), കാരയ്ക്കാമണ്ഡപം, പൊറ്റവിള റോഡില്‍ അബ്ദുല്‍ റഹീം മകന്‍ ആഷിഖ്(25), നേമം, പുത്തന്‍വിളാകം അമ്മവീട് ലൈനില്‍ ഹബീബ് റഹ്മാന്‍(26) എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷിച്ചത്.
പ്രതികള്‍ ഓരോരുത്തരും ഒരുലക്ഷം രൂപവീതം പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം. ജീവപര്യന്ത തടവിനു പുറമേ അന്യായമായി സംഘം ചേര്‍ന്നതിന് ഒരുവര്‍ഷം കഠിനതടവും സംഘടിച്ച് ലഹള നടത്തിയതിന് ഒരുവര്‍ഷം കഠിനതടവും അന്യായതടസം ചെയ്തതിന് ഒരുമാസം സാധാരണ തടവും ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ അനുഭവിക്കണം. മാരകായുധങ്ങള്‍ കൈവശംവെച്ച് ലഹള നടത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക് എന്നിവര്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കൊല്ലപ്പെട്ട റഫീക്കിന്റെ ആശ്രിതര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍നിന്നു നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വിധികേള്‍ക്കാനെത്തിയ പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു . ഏഴുപ്രതികളെ കൊണ്ടുവന്നത് മൂന്നു പോലീസുകാര്‍ ചേര്‍ന്നായിരുന്നു.
കൊലയ്ക്ക് കാരണംആറാം പ്രതിയെ വെട്ടിയതിലുള്ള വൈരാഗ്യം
കേസില്‍ വെറുതേ വിട്ട ആറാംപ്രതി അബുഷക്കീറിനെ വെട്ടിപ്പരിക്കേല്പിച്ചതിലുള്ള വൈരാഗ്യമാണ് പ്രതികള്‍ റഫീക്കിനെ കൊലപ്പെടുത്താന്‍ കാരണമായത്. ഒന്നാംപ്രതി അന്‍സക്കീറിന്റെ അമ്മയുടെ സഹോദരനായ പൊടിയന്‍ എന്നു വിളിക്കുന്ന അബുഷക്കീറിനെ പുതിയ കാരയ്ക്കാമണ്ഡപത്തുവെച്ച് റഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഘം ചേര്‍ന്ന് റഫീക്കിഖിനെ അടിച്ചുകൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ വാദിച്ചു.
അബുഷക്കീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം നടന്ന് ഒരു മണിക്കൂറിനു ശേഷമായിരുന്നു കൊലപാതകം. അബുഷക്കീറിനെ കൊലപാതക കേസിലെ ആറാം പ്രതിയാക്കിയിരുന്നു. എന്നാല്‍ കൊലയില്‍ പ്രതിയുടെ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്ന് കോടതി അബുഷക്കീറിനെ വെറുതേ വിടുകയായിരുന്നു.
അബുഷക്കീറിന്റെ സുഹൃത്തുക്കളും, ബന്ധുക്കളുമായ പ്രതികള്‍ സംഘം ചേര്‍ന്ന് പ്രാണരക്ഷാര്‍ഥം ഓടിയ റഫീഖിനെ തുലവിള നാരായണഗുരു പ്രതിമയ്ക്കു മുന്നിലിട്ട് കാറ്റാടിക്കഴകള്‍ കൊണ്ട് ശരീരമാസകലം അടിച്ചു മൃതപ്രായനാക്കി റോഡിലൂടെ വലിച്ചിഴച്ചു തുലവിളയില്‍ കൊണ്ടുവരികയും പോലീസ് ജീപ്പ് വരുന്നത് കണ്ടു റഫീക്കിനെ ഉപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു.
പിറ്റേദിവസം പ്രതികളെ എല്ലാവരെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മരുതൂര്‍ കടവ് പാലം എന്നിവിടങ്ങളില്‍നിന്ന് നേമം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ദൃക്സാക്ഷികളായ അന്‍സില്‍ ഖാന്‍, അഭിലാഷ്, ഷിബു ഉള്‍പ്പെടെ എട്ട് പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. ഒന്നാംപ്രതി അന്‍സക്കീര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കണ്ട രക്തം റഫീക്കിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞത് നിര്‍ണായക തെളിവായി. പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍, അഭിഭാഷകരായ ആര്‍.കെ.രാഖി, ദേവികാ അനില്‍ എന്നിവര്‍ ഹാജരായി.
47 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 54 രേഖകളും 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ദിലീപ് കുമാര്‍ ദാസ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും പുനരന്വേഷണം വേണമെന്നും കാണിച്ച് റഫീഖിന്റെ പിതാവ് കബീര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ആയിരുന്ന ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പക്ടര്‍ അര്‍.ജയശങ്കര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയത്. ശിക്ഷിച്ച പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിധികേട്ട് പൊട്ടിക്കരഞ്ഞ് പ്രതികള്‍
ജീവപര്യന്തം കഠിനതടവ് ശിക്ഷിച്ചുകൊണ്ട് ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ പ്രതികള്‍ കോടതിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി അന്‍സക്കീര്‍, ഏഴാം പ്രതി ആഷിഖ്, എട്ടാം പ്രതി ഹബീബ് റഹ്മാന്‍ എന്നിവരാണ് പൊട്ടിക്കരഞ്ഞത്. പ്രതികള്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു. കോടതി കനിവ് കാണിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ച കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് റഫീഖിന്റെ മാതാപിതാക്കള്‍. തങ്ങള്‍ക്ക് നീതികിട്ടിയെന്ന് റഫീഖിന്റെ പിതാവ് കബീര്‍ പറഞ്ഞു.
Content Highlights: Court sentences 7 to RI in Rafeeq murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..