കൊല്ലപ്പെട്ട ശ്രീകാന്തും അനുരാധയും(ഇടത്ത്) അറസ്റ്റിലായ കൃഷ്ണയും രവിയും(വലത്ത്)
ചെന്നൈ: വീട്ടിലെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ചെന്നൈയില്‍ ദമ്പതിമാരെ കൊന്ന് കുഴിച്ചുമൂടി 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും കൊള്ളയടിച്ചു. കൊലയാളികളെ അഞ്ചുമണിക്കൂറിനുള്ളില്‍ ആന്ധ്രാപ്രദേശില്‍നിന്ന് പോലീസ് പിടികൂടി. ഗുജറാത്തില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ചെന്നൈ മൈലാപ്പൂര്‍ ബൃന്ദാവന്‍ നഗര്‍ സ്വദേശി ശ്രീകാന്ത് (58), ഭാര്യ അനുരാധ (53) എന്നിവരാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇവരുടെ ഡ്രൈവറായി ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശി കൃഷ്ണയും സുഹൃത്ത് രവിയുമാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും പണവും കണ്ടെടുത്തു.
മാര്‍ച്ചില്‍ അമേരിക്കയിലെ മകള്‍ സുനന്ദയുടെ വീട്ടില്‍പോയതായിരുന്നു ശ്രീകാന്തും ഭാര്യയും. ശനിയാഴ്ച പുലര്‍ച്ച മൂന്നുമണിക്കാണ് ഇവര്‍ തിരിച്ച് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. കൃഷ്ണ ഇവരെ കാറില്‍ മൈലാപ്പൂരിലെ വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് സുഹൃത്തുമായി ചേര്‍ന്ന് കൊലപാതകം നടത്തിയത്. മൃതദേഹങ്ങള്‍ പുതപ്പില്‍ കെട്ടി കാറിന്റെ ഡിക്കിയിലിട്ട് മഹാബലിപുരത്തുള്ള ശ്രീകാന്തിന്റെ ഫാം ഹൗസിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തിരിച്ചെത്തിയ വിവരം അന്വേഷിക്കാന്‍ അമേരിക്കയില്‍നിന്ന് മകള്‍ വിളിച്ചപ്പോള്‍ ശ്രീകാന്തും ഭാര്യയും ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് ഒരു സുഹൃത്തുവഴി അവര്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കമ്മിഷണര്‍ ശങ്കര്‍ ജിവാളിന്റെ നിര്‍ദേശത്തില്‍ മൈലാപ്പൂര്‍ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരും അവിടെയില്ലെന്നറിയുന്നത്.
ഉടന്‍തന്നെ കമ്മിഷണര്‍ സുനന്ദയുമായി ഫോണില്‍ സംസാരിച്ചു. മാതാപിതാക്കളെ പരിചരിക്കുന്നത് ഡ്രൈവര്‍ കൃഷ്ണയാണെന്നു സുനന്ദ അറിയിച്ചു. ഒട്ടേറെത്തവണ പോലീസ് വിളിച്ചെങ്കിലും കൃഷ്ണ ഫോണെടുത്തില്ല. തുടര്‍ന്ന്, സൈബര്‍ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ കൃഷ്ണയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആന്ധ്രാ പോലീസിന്റെ സഹായത്തോടെ കൃഷ്ണയെയും സുഹൃത്ത് രവിയെയും തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു.
സ്വര്‍ണവും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നും വിവരം പുറത്തറിയാതിരിക്കാനാണ് ഫാം ഹൗസില്‍ കുഴിച്ചുമൂടിയതെന്നും കൃഷ്ണ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ഞായറാഴ്ച പോലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
ശ്രീകാന്തിന്റെ ഫാം ഹൗസിലെ കാവല്‍ക്കാരനായിരുന്നു കൃഷ്ണയുടെ അച്ഛനെന്ന് പോലീസ് പറഞ്ഞു. ചെറുപ്പംമുതലേ കൃഷ്ണയെ അവര്‍ക്ക് അറിയാമായിരുന്നു. മൈലാപ്പൂരിലെ വീടിനോടുചേര്‍ന്ന് ഒരു ഔട്ട് ഹൗസ് കൃഷ്ണയ്ക്ക് താമസിക്കാന്‍ ശ്രീകാന്ത് ഒരുക്കിക്കൊടുത്തിരുന്നെന്നും പോലീസ് പറഞ്ഞു.
നഗരം നടുങ്ങി, ദമ്പതിമാരുടെ കൊലപാതകം ആസൂത്രിതം
ചെന്നൈ: പണത്തോടും ആഡംബര ജീവിതത്തോടുമുള്ള ആര്‍ത്തിയാണ് പ്രതികളെക്കൊണ്ട് ശ്രീകാന്ത്-അനുരാധ ദമ്പതിമാരെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ്. ജോലിക്കുനിര്‍ത്തുന്നവരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു. നേപ്പാള്‍ സ്വദേശി കൃഷ്ണ സുഹൃത്ത് രവിയുമായി ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ:
ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ശ്രീകാന്തും ഭാര്യയും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. ഡ്രൈവര്‍ കൃഷ്ണ കാറുമായി എത്തിയിരുന്നു. അവരെയും കൂട്ടി നേരെ മൈലാപ്പുരിലെ വീട്ടിലേക്കു പോയി. കാറില്‍വെച്ച് ശ്രീകാന്ത് കോടിക്കണക്കിനു രൂപയുടെ കാര്യം സംസാരിച്ചു. ഇതോടെ കൃഷ്ണയുടെ മനസ്സില്‍ പണം തട്ടിയെടുക്കണമെന്ന മോഹമുണ്ടായി. കൊലപാതകത്തിനുള്ള ആസൂത്രണവും തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാവും അവര്‍ കൊലപാതകം നടത്തിയിട്ടുണ്ടാവുക. സുഹൃത്ത് രവിയുമായി ചേര്‍ന്നാണ് ഇരുവരെയും കൃഷ്ണ കൊന്നത്.
.jpg?$p=7e4c243&&q=0.8)
ശ്രീകാന്തിനെ വീട്ടിലെ താഴത്തെ നിലയില്‍ വെച്ചും ഭാര്യയെ ഒന്നാമത്തെ നിലയിലും വെച്ചാണ് കൊലപ്പെടുത്തിയത്. ചപ്പാത്തി പരത്തുന്ന കോല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊലചെയ്യാനായി ഉപയോഗിച്ചു.
മരിച്ചു എന്നുറപ്പായപ്പോള്‍ ഇരുവരെയും ഒരുമിച്ചു സംസ്‌കരിക്കാന്‍ തീരുമാനിച്ചു. പുറത്തറിയാതിരിക്കാന്‍ മൃതദേഹങ്ങള്‍ തുണിയില്‍ മൂടി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് അതിവേഗം കാര്‍ നെമിലിച്ചേരി സോളേരിക്കടുത്ത ശ്രീകാന്തിന്റെ ഫാം ഹൗസിലെത്തിച്ച് പൂന്തോട്ടത്തിനുസമീപം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്ന് കൊള്ളയടിച്ച ആഭരണങ്ങളുമായി രക്ഷപ്പെടുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച രാവിലെ കൊലയാളികളുമായി മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി.
ഉച്ചയോടെ അവ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കൊലയാളികളില്‍നിന്ന് ഒമ്പതുകിലോ തൂക്കം വരുന്ന 1000 പവന്‍ സ്വര്‍ണാഭരണം പിടിച്ചെടുത്തു.കൂടാതെ 70 കിലോ വെള്ളിപ്പാത്രങ്ങളും. നേപ്പാളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ നീക്കം. അതിവേഗം കാറോടിച്ചതിനാല്‍ പെട്ടെന്നുതന്നെ അവര്‍ ഓംഗോളില്‍ എത്തി.
Content Highlights: couple killed in chennai and robbed gold


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..