കൊലപാതകത്തിന്റെ സിസിടിവി ദൃശ്യവും കൊല്ലപ്പെട്ട ദമ്പതിമാരും | Photo: twitter.com/parteekmahal & twitter.com/MegaNewsUpdates
മനില: ഇന്ത്യക്കാരായ ദമ്പതിമാര്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33) എന്നിവരെയാണ് അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. തലസ്ഥാനനഗരിയായ മനിലയിലെ ദമ്പതിമാരുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ജലന്ധര്‍ സ്വദേശിയായ സുഖ് വീന്ദര്‍ സിങ് കഴിഞ്ഞ 19 വര്‍ഷമായി മനിലയിലാണ്. ഭാര്യ കിരണ്‍ദീപ് അടുത്തിടെയാണ് ഇവിടെയെത്തിയത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്ന സുഖ് വീന്ദറിന് നേരേ വീട്ടിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ വീടിനകത്ത് കയറി കിരണ്‍ദീപിനെയും ഇയാള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സുഖ് വീന്ദറിന്റെ സഹോദരന്‍ ലഖ് വീര്‍ സിങും മനിലയിലാണ് താമസം. എന്നാല്‍ ഏതാനുംദിവസം മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഇദ്ദേഹം പഞ്ചാബിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ഏറെനേരം വിളിച്ചിട്ടും ലഖ് വീറിന് സഹോദരനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇതോടെ മനിലയിലുള്ള ബന്ധുവിനോട് വീട്ടില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബന്ധു വീട്ടിലെത്തിയതോടെയാണ് ദമ്പതിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
കുടുംബവുമായി മനിലയില്‍ ആര്‍ക്കും ശത്രുതയില്ലെന്നാണ് ലഖ് വീര്‍ സിങ്ങിന്റെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താനായി ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: couple from punjab india shot dead in philippines manila
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..