ആനന്ദവല്ലി, നന്ദകുമാർ
കുന്നിക്കോട്: വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ വിരമിച്ച കെ.എസ്.ആര്.ടി.സി. ജീവനക്കാരനും ഭാര്യയും മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ശ്വാനസേനയും വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. സാമ്പത്തികബാധ്യതകള്മൂലമുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയിട്ടുണ്ട്. കോക്കാട് കൃഷ്ണവിഹാറില്‍ നന്ദകുമാര്‍ (60), ഭാര്യ ആനന്ദവല്ലി (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ദമ്പതിമാരെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.
വീടിനോടുചേര്‍ന്ന കട തുറക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആനന്ദവല്ലി മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ നന്ദകുമാര്‍ രാത്രി പത്തരയോടെയാണ് മരിച്ചത്.ദമ്പതിമാര്‍ ഇരുവരും കഴിഞ്ഞദിവസങ്ങളില്‍ വീടും പരിസരവും വൃത്തിയാക്കിയിരുന്നതായി അയല്‍വാസികള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. മാത്രമല്ല, വീടിന്റെയും അലമാരകളുടെയും താക്കോലുകള്‍ ഉള്ളില്‍ നിരത്തിവെച്ചനിലയിലായിരുന്നു. ഇരുവരും ആസൂത്രണംചെയ്തശേഷമുള്ള ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
സാമ്പത്തികബാധ്യത പരിഹരിക്കാന്‍ അടുത്തിടെ വീടിനോടുചേര്‍ന്ന ഭൂമി വില്ക്കാന് ദമ്പതിമാര്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വില്‍പ്പന നടന്നില്ല. ഇവരുടെ ബാധ്യതകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
2016-ല്‍ ഇവരുടെ ഏകമകനെ കാണാതായിരുന്നു. കോക്കാട്ടെ കശുവണ്ടി ഫാക്ടറി അടച്ചതോടെ വീടിനോടുചേര്‍ന്ന കടയില്‍ കച്ചവടം കുറഞ്ഞതും ദമ്പതിമാരെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആനന്ദവല്ലിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും നന്ദകുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് കോക്കാട്ടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..