എസ്.എ.ടി. ആശുപത്രിയിലെ ഒബ്‌സർവേഷൻ മുറിയിൽ കൈക്കുഞ്ഞുമായി കൗൺസിലർ സൗമ്യയും കെ.കെ.ഷിബുവും വനിതാ പോലീസ് അജിതയും
നെയ്യാറ്റിന്‍കര: നഗരസഭയിലെ അത്താഴമംഗലം വാര്‍ഡിലെ കവളാകുളത്ത് വാടകവീട്ടില്‍ ദമ്പതിമാരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇവരുടെ 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലകട്ടിലില്‍ അവശനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കവളാകുളം വലിയവിളയിലെ 'ഏദന്‍' എന്ന വാടക വീട്ടിലാണ് പെയിന്റിങ് തൊഴിലാളിയായ ആറയൂര്‍ സ്വദേശി ഷിജു സ്റ്റീഫന്‍(45), ഭാര്യ കാരോട് പഞ്ചായത്തിലെ മാറാടി സ്വദേശിയായ പ്രമീള(37) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
ഏഴുമാസം മുന്‍പാണ് ഇവര്‍ ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ഷിജു സ്റ്റീഫനെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലും പ്രമീളയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന വീടിന് നാലുമാസമായി വാടക നല്‍കുന്നില്ല. ഇവരുടെ സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി വീട്ടുടമയാണ് ഇവരെ സഹായിച്ചിരുന്നത്.
പ്രസവത്തിനുശേഷം പ്രമീളയെ ഒരു ഹോംനഴ്സാണ് നോക്കിയിരുന്നത്. ഇവര്‍ക്ക് ശമ്പളം കൊടുക്കാതായതിനെ തുടര്‍ന്ന് ഹോം നഴ്സിനെ നല്‍കിയ ഏജന്‍സിയുടെ ഉടമ കവളാകുളത്തെ വീട്ടിലെത്തി. കുഞ്ഞിനു കൊടുക്കാനായി പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി എത്തി വീട്ടിലെ ബെല്ലടിച്ച് വിളിച്ചു. ആരും പുറത്തുവന്നില്ല. തുടര്‍ന്ന് ഇക്കാര്യം വീട്ടുടമയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വീട്ടുടമ കൗണ്‍സിലര്‍ കെ.കെ.ഷിബുവുമായി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിനോക്കുമ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷിജു സ്റ്റീഫന്റെ കഴുത്തില്‍ കയര്‍മുറുകിയ പാടുണ്ട്. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.ശ്രീകാന്ത്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എന്‍.സാഗര്‍, എസ്.ഐ. സെന്തില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. കുഞ്ഞിനു ജീവനുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കായി കൗണ്‍സിലര്‍ കെ.കെ.ഷിബുവിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടതായി കെ.കെ.ഷിബു പറഞ്ഞു. ഷിജു സ്റ്റീഫനും പ്രമീളയും നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ പലസ്ഥലത്തായാണ് മാറിമാറി താമസിച്ചിരുന്നത്. വാടകക്കരാറില്‍ തിരുപുറം, പുലവങ്കല്‍, കെ.എല്‍. ഭവന്‍ എന്ന വിലാസമാണ് നല്‍കിയിരുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
കുഞ്ഞിനു തുണയായി കൗണ്‍സിലര്‍മാര്‍
നെയ്യാറ്റിന്‍കര: കവളാകുളത്ത് ദമ്പതിമാര്‍ ജീവനൊടുക്കിയ വീട്ടില്‍ കണ്ടെത്തിയ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനു തുണയായി മാറിയത് നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും വനിതാ പോലീസും. കൗണ്‍സിലര്‍മാരായ കെ.കെ.ഷിബുവും സൗമ്യയും വനിതാ പോലീസായ അജിതയുമാണ് മരിച്ച ഷിജു സ്റ്റീഫന്റെയും പ്രമീളയുടെയും കുഞ്ഞിനു തുണയായത്.
ഇവര്‍ ഈ വീട്ടിലെത്തുമ്പോള്‍ കുഞ്ഞ് അവശനിലയിലായിരുന്നു. ഉടനെ കൗണ്‍സിലര്‍ കെ.കെ.ഷിബു അടുത്ത വാര്‍ഡിലെ വനിതാ കൗണ്‍സിലറായ സൗമ്യയെ വിളിച്ചു. ഇവരെത്തി കുഞ്ഞിന് നേരത്തെ വാങ്ങിവെച്ചിരുന്ന പാല്‍പ്പൊടി കലക്കി നല്‍കി. കുഞ്ഞിനെ പരിചരിക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ നിന്നെത്തിയ അജിതയും ഒപ്പംകൂടി.
രക്ഷിതാക്കള്‍ മരിച്ച കുഞ്ഞിനെ ആരും ഏറ്റെടുക്കാന്‍ തയ്യാറാവാതെ വന്നതോടെ ഇവര്‍ ശിശുക്ഷേമസമിതിയെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഡബ്ല്യു.സി.യുടെ റിപ്പോര്‍ട്ടുമായെത്താന്‍ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ കുഞ്ഞിന്റെ ആരോഗ്യനില മോശമായി. തുടര്‍ന്ന് ഷിബുവും സൗമ്യയും അജിതയും കുഞ്ഞുമായി ജനറല്‍ ആശുപത്രിയിലെത്തി. ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിനെ അടിയന്തരമായി എസ്.എ.ടി.യില്‍ എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എസ്.എ.ടി.യില്‍ എത്തിച്ച കുഞ്ഞ് ആരോഗ്യനില വീണ്ടെടുത്തതായി കെ.കെ.ഷിബു പറഞ്ഞു. സി.ഡി.സി.യുടെ റിപ്പോര്‍ട്ട് പോലീസ് സഹായത്തോടെ വാങ്ങി കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ കൈമാറിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.
Content Highlights: couple committed suicide; The baby, who was found at home, was rushed to hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..