.
അടൂര്‍: വാടകയ്ക്ക് കൊടുത്ത വീട്ടില്‍നിന്ന് കള്ളനോട്ടും അച്ചടി ഉപകരണങ്ങളും അനുബന്ധ സാധനസാമഗ്രികളും കണ്ടെത്തി. ഇവിടെ താമസിച്ചിരുന്ന പത്തനാപുരം മാങ്കോട് സ്വദേശി അനസിനെ കണ്ടെത്താന്‍ അടൂര്‍ പോലീസ് അന്വേഷണം തുടങ്ങി. അടൂര്‍ ഏഴംകുളം പ്ലാന്റേഷന്‍ ജങ്ഷന്‍ തേപ്പുപാറ റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍നിന്നാണ് പേപ്പറില്‍ പ്രിന്റ് ചെയ്ത ഏകദേശം നൂറ്റമ്പതോളം നോട്ടുകള്‍ ഉള്‍പ്പെടെ കിട്ടിയത്.
2000, 500, 100 നോട്ടുകളാണ് കൂടുതലും. 2022 ആറാം മാസമാണ് മാങ്കോട് സ്വദേശിയായ ഒരാള്‍ക്ക് കുടുംബസമേതം താമസിക്കാന്‍ വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് നല്‍കിയതെന്ന് വീട്ടുടമ പോലീസിനോട് പറഞ്ഞു.
സ്‌കൂളുകളിലേക്ക് ബുക്ക് പ്രിന്റ് ചെയ്യുന്ന ജോലിയാണെന്ന് പറഞ്ഞാണ് വീട് എടുത്തത്. രണ്ടുമാസം മാത്രമേ ഇയാള്‍ ഇവിടെ താമസിച്ചിട്ടുള്ളൂവെന്ന് ഉടമ പറഞ്ഞു. ഏറെ നാളായി വാടകക്കാരന്‍ വരാത്തതിനെ തുടര്‍ന്ന് വീട്ടുടമ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുകളിലത്തെ നില മറ്റൊരു കൂട്ടര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് വൃത്തിയാക്കാന്‍ ബുധനാഴ്ച രാവിലെ വീട്ടുടമ മുറി തുറന്നു. ഈ സമയത്താണ് മുറിക്കുള്ളിലിരുന്ന ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ പ്രിന്റ് ചെയ്ത നോട്ട് കണ്ടത്.
പ്രിന്റര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വീട്ടുടമ വിവരം പഞ്ചായത്തംഗമായ എ. ഷമിനെ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനു, സി.ഐ. ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: counterfeit currency found in adoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..