ഗണേശൻ സെൽവരാജ്, നീലകണ്ഠൻ
പെരിയ: പൂല്ലൂര്‍ കേളോത്ത് ഭാര്യാസഹോദരനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അമ്പലത്തറ പോലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു. ബെംഗളൂരു വണ്ടര്‍പേട്ട് സ്വദേശി ഗണേശന് സെല്‍വരാജി (61)നെയാണ് അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യാസഹോദരന്‍ നീലകണ്ഠ(36)നാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം.
നാലുമാസമായി ഒളിവിലായിരുന്ന ഗണേശന് കഴിഞ്ഞദിവസം വണ്ടര്പ്പേട്ടിലെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. കേളോത്ത് സുശീലാ ഗോപാലന് നഗറിലെ വീട്ടില്‍ കഴുത്തറുത്ത നിലയിലായിരുന്നു നീലകണ്ഠന്റെ മൃതദേഹം കണ്ടത്. നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബെംഗളൂരുവിലെ വീട്ടിലേക്ക് പോയ ദിവസങ്ങളില്‍ ഗണേശന് ഈ വീട്ടിലാണ് താമസിച്ചത്. നീലകണ്ഠന്റെ മരുമകന് അഭിജിത്ത് ഗണേശന്റെ കൂടെ പെയിന്റിങ് പണിക്കു പോയിരുന്നു. അഭിജിത്തിന് കൊടുക്കുന്ന കൂലി കുറവാണെന്ന് പറഞ്ഞ് നീലകണ്ഠന് ഗണേശനുമായി വാക്തര്ക്കത്തിലായി. ഇതാണ് കൊലയ്ക്കു കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി ബേക്കല്‍ ഡി.വൈ.എസ്.പി. സി.കെ. സുനില്‍കുമാര്‍ പറഞ്ഞു.
ഗണേശനെ കണ്ടെത്താന്‍ പോലീസ് കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും കാസര്‍കോടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും കേരളത്തിലെ മറ്റു ജില്ലകളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബന്ധുവീടുകളിലെത്തുന്നുണ്ടോയെന്ന നിരന്തര അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായകമായത്. കേളോത്തെ പരേതരായ പൊന്നപ്പന്റെയും കമലവതിയുടെയും മകനാണ് മരിച്ച നീലകണ്ഠന്. അമ്പലത്തറ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോലീസിന്റെ കണ്ണുവെട്ടിച്ച് നാലുമാസം; മകളുടെ വീട്ടിലെത്തിയപ്പോള്‍ കുടുങ്ങി
: ഗണേശനെ വലയിലാക്കുക പോലീസിനെ സംബന്ധിച്ച് ഏറെ ദുഷ്കരമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗണേശന് തന്റെ ഫോണ്‍ മൈസൂരുവില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. കൊലപാതകം നടത്തിയ അന്ന് പുലര്‍ച്ചെതന്നെ സ്ഥലംവിട്ട ഗണേശന് അതിര്‍ത്തി ഗ്രാമങ്ങളിലോ കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കോ കടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടിയിരുന്നു.
മംഗളൂരു കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, മൈസൂരു കെ.എസ്.ആര്.ടി. സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.മകളുടെ വീട്ടില്‍ പ്രതി എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെയെത്തി. അമ്പലത്തറ ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദനോടൊപ്പം എസ്.ഐ. സി. സുമേഷ് ബാബു, എ.എസ്.ഐ.മാരായ പി.വി. രഘുനാഥന്, ലക്ഷ്മി നാരായണന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Content Highlights: convict in murdering brother in law arrested in bangalore after four months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..