Screengrab: Mathrubhumi News
കൊച്ചി: ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ വധ ഗൂഢാലോചനക്കേസില്‍ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. പ്രതിക്ക് അന്വേഷണ ഏജന്‍സിയെ തിരഞ്ഞെടുക്കാനാവില്ലെന്നും കേസ് സി.ബി.ഐ.യ്ക്ക് കൈമാറേണ്ടതില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് ദിലീപിന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നേരത്തെ കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വധ ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.
അതിനിടെ, തെളിവുകള്‍ കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ പരാതി നല്‍കാന്‍ വൈകിയതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കേസ് റദ്ദാക്കണമെന്നുള്ള ഹര്‍ജിയില്‍ ഇത് പ്രസക്തമല്ലെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പമുണ്ടായിരുന്ന ആളാണ്. ആദ്യം സംശയത്തോടെ തന്നെയാണ് ഇദ്ദേഹത്തെ സമീപിച്ചത്. വിശദമായ അന്വേഷണത്തില്‍ വെളിപ്പെടുത്തലുകള്‍ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഈ വെളിപ്പെടുത്തലുകള്‍ക്കപ്പുറം പലകാര്യങ്ങളും കണ്ടെത്തി. ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. 18-ഓളം കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എസ്.ശ്രീജിത്ത് അടക്കമുള്ളവര്‍ക്കെതിരേ പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷന്‍ തള്ളിക്കളഞ്ഞു.
നേരത്തെ ഈ കേസിലെ ഗൂഢാലോചനക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വാക്കിനപ്പുറത്തേക്ക് പ്രവൃത്തി ഉണ്ടായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാല്‍ കൃത്യമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഒരു കുറ്റകൃത്യം ചെയ്യാനുള്ള കൂടിയാലോചന നടത്തുന്നത് തന്നെ കുറ്റകൃത്യമാണെന്നും ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെ സാധൂകരിക്കുന്ന ചില കോടതി ഉത്തരവുകളും ഹാജരാക്കി.
ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. ഫോണുകള്‍ കോടതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതെന്നും നിയമപരമായ കരുണ ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയല്ല ദിലീപെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
Content Highlights: conspiracy case against dileep hearing on dileep plea in highcourt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..