സുകേഷ് ചന്ദ്രശേഖറും ജാക്വിലിൻ ഫെർണാണ്ടസും | File Photo | Photo: Facebook
ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജയിലില്‍നിന്ന് ഹോളി ആശംസകള്‍ നേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍. ജയിലില്‍നിന്ന് സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. തന്റെ ഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും കത്തില്‍ നന്ദി അറിയിച്ചിട്ടുണ്ട്.
'ബേബി ഗേള്‍' എന്നാണ് നടി ജാക്വിലിനെ സുകേഷ് ചന്ദ്രശേഖര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ജാക്വിലിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും പറയുന്ന കത്ത്, 'ഐ ലവ് യൂ' എന്നെഴുതിയാണ് അവസാനിപ്പിച്ചിരിക്കുന്നത്.
'ഏറ്റവും അതിശയിപ്പിക്കുന്ന മനുഷ്യനും, എന്റെ എക്കാലത്തെയും സുന്ദരിയുമായ ജാക്വിലിന് ഏറെ സന്തോഷം നിറഞ്ഞ ഹോളി ആശംസിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍, മങ്ങിപ്പോയ നിറങ്ങളെല്ലാം നിനക്ക് നൂറിരട്ടിയായി തിരികെ നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഇത് എന്റെ ഉത്തരവാദിത്വമാണ്. അതിനായി ഞാന്‍ ഏതറ്റംവരെയും ഞാന്‍ പോകും. മൈ ബേബിഗേള്‍, ഐ ലവ് യൂ' എന്നാണ് സുകേഷ് കത്തില്‍ എഴുതിയിരിക്കുന്നത്.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനെ കഴിഞ്ഞമാസം മറ്റൊരു കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. റെലിഗെര്‍ പ്രമോട്ടറായ മല്‍വീന്ദര്‍ സിങ്ങില്‍നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലായിരുന്നു ഇ.ഡി. നടപടി. മല്‍വീന്ദറിന്റെ സഹോദരന്‍ ശിവീന്ദര്‍ സിങ്ങിന്റെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് നേരത്തെ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് സുകേഷിന്റെ സുഹൃത്തും നടിയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും ഇ.ഡി പ്രതിചേര്‍ത്തിരുന്നു. സുകേഷില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന്‍ കൈപ്പറ്റിയെന്നും ഇതെല്ലാം തട്ടിപ്പിലൂടെ ലഭിച്ച പണമാണെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. തുടര്‍ന്ന് ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Content Highlights: conman sukesh chandrashekhar wishes holi to jacqueline fernandez
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..