Photo: Screengrab
തെന്മല: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഉറുകുന്ന് ഫിറോസ് മന്‍സലില്‍ ഫിറോസാണ് പരാതിക്കാരന്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം.
സംഭവത്തെക്കുറിച്ച് ഫിറോസ് പറയുന്നത് ഇങ്ങനെ: വാഹനാപകടത്തില്‍ പരിക്കേറ്റ ബന്ധുവിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ഉറുകുന്നിലേക്കുവരാന് പുനലൂര്‍ ചെമ്മന്തൂരില്‍ നിന്ന് കെ.എസ്.ആര്.ടി.സിയുടെ തെങ്കാശി ബസില്‍ കയറി. ഇടയ്ക്ക് എവിടെയെങ്കിലും ചായ കുടിക്കാനും മറ്റും താമസമുണ്ടോയെന്നും ഉറുകുന്ന് ജങ്ഷന് കഴിഞ്ഞുള്ള കനാല്‍ പള്ളിക്കുസമീപം ബസ് നിര്‍ത്തുമോയെന്നും കണ്ടക്ടറോട് ചോദിച്ചിരുന്നു. എന്നാല്‍ ഉറുകുന്ന് കനാല്പള്ളിക്ക് സമീപം എത്തിയപ്പോള്‍ ബസ് നിര്‍ത്തിയില്ല. തുടര്‍ന്ന് കണ്ടക്ടറോട്, താന്‍ കയറിയപ്പോള്‍തന്നെ ചോദിച്ചതല്ലേ എന്നു പറഞ്ഞ ശേഷം ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ഫിറോസ് ചോദിച്ചുകൊണ്ടു തന്നെ സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടുതന്നെ മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ബസ് ഓടിക്കൊണ്ടിരിക്കുയാണെന്നും അപകടമാണെന്നും ഫിറോസ് ഡ്രൈവറോട് പറയുന്നുണ്ടായിരുന്നു. മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ കൈയ്ക്കും കഴുത്തിനും മര്‍ദ്ദനമേറ്റതായി ഫിറോസ് പറയുന്നു. കനാല്‍ പള്ളിക്ക് ഒന്നരകിലോമീറ്റര്‍ അപ്പുറമുള്ള ലുക്ക്ഔട്ടിലാണ് ഫിറോസിനെ ഇറക്കിയത് എന്ന് ഫിറോസ് പറയുന്നു.
തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തെന്മല പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..