-
കൊല്ലം: അഞ്ചല്‍ സി.ഐ. മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. ബുധനാഴ്ച അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ച സംഭവത്തിലാണ് അഞ്ചല്‍ സി.ഐ. സുധീറിനെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്. മരിച്ച സുനിലിന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും അവിടെവെച്ചാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയതെന്നുമാണ് ആരോപണം.
ഇടമുളയ്ക്കലില്‍ ഭാര്യ സുജിനയെ കൊലപ്പെടുത്തിയ ശേഷമാണ് സുനില്‍ തൂങ്ങിമരിച്ചത്. സംഭവസ്ഥലത്തെത്തിയ സി.ഐ.യാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യം സുജിനയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ സുനിലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് സി.ഐ. സംഭവസ്ഥലത്ത് നിന്ന് മടങ്ങി. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്തേണ്ട സി.ഐ.യെ തിരഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പോയെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സി.ഐ.യെ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലുണ്ടെന്നും അവിടെയെത്താനുമായിരുന്നു നിര്‍ദേശം. പിന്നീട് 15 കിലോമീറ്റര്‍ അകലെയുള്ള സി.ഐ.യുടെ വീട്ടില്‍ മൃതദേഹവുമായി എത്തിയാണ് റിപ്പോര്‍ട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയത്.
മൃതദേഹവുമായി സി.ഐ.യുടെ വീട്ടില്‍ പോയെന്ന് മരിച്ച സുജിനയുടെ പിതാവും ആംബുലന്‍സ് ഡ്രൈവറും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതിനുശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം, സി.ഐ.ക്കെതിരേ പരാതി ഉയര്‍ന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്.പി. നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
Content Highlights: complaint against anchal circle inspector
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..