താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച അർധരാത്രിയോടെ കാറിന്റെ ഡോറിന് മുകളിൽ കയറിയിരുന്നു യാത്രചെയ്യുന്ന യുവാക്കളുടെ ദൃശ്യം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാറിന്റെ വാതിലിന്റെ വശങ്ങളില് എഴുന്നേറ്റിരുന്ന് അരയ്ക്കുമുകളിലേക്കുള്ള ശരീരഭാഗങ്ങള്‍ പുറത്തേക്കിട്ട് യുവാക്കളുടെ അപകടകരമായ യാത്ര. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് മലപ്പുറം മുണ്ടാര്‍പറമ്പിലെ ഒരുകോളേജിലെ ബിരുദവിദ്യാര്‍ഥികള്‍ ചുരംപാതയിലൂടെ അപകടകരമായരീതിയില്‍ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ അഞ്ചംഗസംഘത്തില്‍ മൂന്നുപേരാണ് ഗ്ലാസ് താഴ്ത്തി സൈഡ് ഡോറില്‍ ഇരുന്ന് ആരവംമുഴക്കി യാത്രചെയ്തത്.
ചുരംപാതയില്‍ ചാറ്റല്‍മഴയുള്ള സമയത്തായിരുന്നു മലപ്പുറം രണ്ടത്താണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘം യാത്ര നടത്തിയത്. തൊട്ടുപിറകില്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്താവുകയും പരാതിയായി മുന്നിലെത്തുകയും ചെയ്തതോടെ മോട്ടോര്‍വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തി.
അപകടകരമായ യാത്രനടത്തിയ ഇന്നോവകാര്‍ കണ്ടെത്തി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിച്ച ഏറനാട് തൊട്ടിലങ്ങാടി സ്വദേശി ആദിലിന്റെ ലൈസന്‍സ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യും. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. ഷൈനി മാത്യു, എം.വി.ഐ. പി.ജി. സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്.
അപകടകരമായരീതിയില്‍ കാറോടിച്ച് ട്രാഫിക് നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..