രാഖിശ്രീ
ചിറയിന്‍കീഴ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന രാഖിശ്രീ തൂങ്ങിമരിച്ചത് ചിറയിന്‍കീഴ് സ്വദേശിയുടെ ശല്യം സഹിക്കവയ്യാതെയാണെന്ന് അച്ഛന്‍ രാജീവ് ആരോപിച്ചു. ചിറയിന്‍കീഴ് പുളിമൂട്ടുകടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ തന്റെ മകളെ നിരന്തരം ശല്യംചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന ശനിയാഴ്ച വൈകീട്ടാണ് രാഖിശ്രീയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഖിശ്രീ അന്ന് പകല്‍ സ്‌കൂളിലെത്തി കൂട്ടുകാരെ കണ്ടിരുന്നു.
ആറുമാസം മുന്‍പ് സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വച്ചാണ് പുളിമൂട്ടുകടവ് സ്വദേശിയെ കുട്ടി പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്ക് ഒരു മൊബൈല്‍ഫോണ്‍ നല്‍കിയിരുന്നു. വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാന്‍ നമ്പറുകളും നല്‍കിയതായി രാജീവ് പറഞ്ഞു. യുവാവിനൊപ്പം ഇറങ്ങിച്ചെന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും രാജീവ് ആരോപിക്കുന്നു.
കഴിഞ്ഞ 15-ന് ട്യൂഷന്‍ കഴിഞ്ഞ് നില്‍ക്കുന്നതിനിടയില്‍ ചിറയിന്‍കീഴിലെ ബസ് സ്റ്റോപ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പനച്ചുവിളാകം വീട്ടില്‍ രാജീവ്-ശ്രീവിദ്യ ദമ്പതിമാരുടെ മകളാണ് രാഖിശ്രീ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: class 10 girl suicide in chirayinkeezhu allegation against a youth


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..