വർക്കല കരുനിലക്കോട് കത്തിനശിച്ച കാർ
വര്‍ക്കല: കരുനിലക്കോട് ഉത്സവസ്ഥലത്ത് നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് അക്രമിസംഘം റോഡിലിട്ട് കാര്‍ കത്തിച്ചനിലയില്‍. കരുനിലക്കോട്-പൊയ്ക റോഡില്‍ കരുനിലക്കോട് ജങ്ഷനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് കാര്‍ കത്തുന്നനിലയില്‍ കണ്ടത്.
അഗ്‌നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. കണ്ണൂര്‍ തലശ്ശേരി ചൊക്ലി സ്വദേശിയും ഞെക്കാട് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സജീബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. പുല്ലാന്നിക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കാര്‍ കത്തിക്കലില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ സജീബിനുള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സജീബും പുല്ലാന്നികോട് സ്വദേശിയും ഇപ്പോള്‍ ഞെക്കാട് താമസിക്കുന്ന സിനുവും ഉള്‍പ്പെടുന്ന സംഘമാണ് ഞായറാഴ്ച കാറില്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍ കരോക്ക ഗാനമേള നടക്കവേ ഡാന്‍സ് കളിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും ഗാനമേള നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ ക്ഷേത്രപ്പറമ്പില്‍നിന്നു പുറത്തെത്തിയപ്പോള്‍, ഇവരുടെ കാറിനു മുന്നിലായി മറ്റൊരു ബൈക്ക് ഇരിപ്പുണ്ടായിരുന്നു. ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കാറിനു സമീപമെത്തിയ സജീബും സിനുവും ബൈക്കില്‍ വന്ന കരുനിലക്കോട് സ്വദേശികളായ യുവാക്കളുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി.
നാട്ടുകാര്‍ ഇടപെട്ടതോടെ ബൈക്കിലെത്തിയവര്‍ അവിടെനിന്നു സ്ഥലംവിട്ടു. ഇതോടെ സംഘം കാറില്‍ ഇവരെ പിന്തുടര്‍ന്ന് മാവിള ഭാഗത്ത് തടഞ്ഞ് വീണ്ടും ഇരുകൂട്ടരുമായി സംഘര്‍ഷമുണ്ടായി. ഈ സമയം പോലീസ് എത്തുകയും സ്ഥലത്തുണ്ടായിരുന്നവരെ വിരട്ടിയോടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിപ്പോയതോടെ സജീബ് ഒറ്റയ്ക്ക് കാറുമായി അവിടെനിന്നും പോയി. ബൈക്ക് യാത്രക്കാര്‍ മറ്റൊരുവഴിയിലൂടെ എത്തുമ്പോള്‍ കാറുമായി സജീബ് ഇവരുടെ മുന്നില്‍പ്പെട്ടു. ഇതോടെ ബൈക്കില്‍ വന്നവര്‍ കാര്‍ തടഞ്ഞ് സജീബിനെ മര്‍ദിച്ചു. മര്‍ദനമേറ്റ സജീവ് ഓടിരക്ഷപ്പെട്ട് ഒരുവീട്ടില്‍ അഭയം തേടി. ഇതിനുശേഷമാണ് കാര്‍ കത്തിയനിലയില്‍ കണ്ടത്. സമീപവാസികളാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. വര്‍ക്കല പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
Content Highlights: clash in varkkala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..