Screengrab: Mathrubhumi News
പാലക്കാട്: പട്ടാമ്പി നേര്‍ച്ചയുടെ ഘോഷയാത്രയ്ക്കിടെ കൂട്ടത്തല്ല്. രണ്ട് ആഘോഷക്കമ്മിറ്റിക്കാര്‍ തമ്മിലാണ് പരസ്പരം തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.
കഴിഞ്ഞദിവസം നടന്ന പട്ടാമ്പി നേര്‍ച്ചയുടെ ഭാഗമായുള്ള നഗരപ്രദക്ഷിണ ഘോഷയാത്രയ്ക്കിടെയാണ് കാസിനോ, കമാന്‍ഡോസ് എന്നീ ഉപ ആഘോഷക്കമ്മിറ്റിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
നഗരപ്രദക്ഷിണം നടത്തുന്നതിനിടെ ഇരുകൂട്ടരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആദ്യം ആര് കടന്നുപോകുമെന്ന തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ആനകള്‍ ഉള്‍പ്പെടെ അണിനിരന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഘര്‍ഷം.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാര്‍ പ്രാഥമികചികിത്സ തേടിയശേഷം ആശുപത്രിവിട്ടു.
തൃത്താലയില്‍ ഗാനമേള നടത്തിയത് ചോദ്യംചെയ്ത പോലീസിന് നേരേ ആക്രമണം....
ശനിയാഴ്ച തൃത്താല ആലൂരില്‍ നടന്ന ഗാനമേളയ്ക്കിടെയും പോലീസിന് നേരേ ആക്രമണമുണ്ടായിരുന്നു. ആലൂര്‍ കുണ്ടുകാടില്‍ ഗാനമേള നടത്തിയത് ചോദ്യംചെയ്യാനെത്തിയ പോലീസുകാര്‍ക്കുനേരെയാണ് ആള്‍ക്കൂട്ടത്തിന്റെ കൈയേറ്റമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ എസ്.ഐ. ഉള്‍പ്പെടെ എട്ടു പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഘട്ടത്തിനിടെ പോലീസ് ജീപ്പിന്റെ കണ്ണാടിയും തകര്‍ത്തു.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. അനുമതിയില്ലാതെ ഗാനമേള നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് തൃത്താല എസ്.ഐ. രമേഷിന്റെ നേതൃത്വത്തില്‍ ഏഴ് പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. യുണൈറ്റഡ് ക്ലബ്ബ് കുണ്ടുകാടിന്റെ നേതൃത്വത്തിലാണ് ഗാനമേള നടന്നത്. രാത്രി പത്തുമണിയായതിനാല്‍ ഗാനമേള തുടരാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രകോപിതരായ നൂറിലധികംപേര്‍ പോലീസിനെതിരേ തിരിയുകയായിരുന്നു.
ജനക്കൂട്ടം പോലീസുകാരെ കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായി പരാതിയുണ്ട്. വാഹനത്തിന്റെ വലതുവശത്തുള്ള കണ്ണാടി അടിച്ചുപൊട്ടിക്കുകയും വണ്ടി തടഞ്ഞിടുകയും ചെയ്തു. വാഹനത്തിന് 12,000 രൂപയുടെ നഷ്ടമുണ്ടായതായി പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആള്‍ക്കൂട്ടം കൂടുതല്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസിന് പിന്മാറേണ്ടിവന്നു.
പരിക്കേറ്റ പോലീസുകാര്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ തേടി. എസ്.ഐ. രമേഷിനുപുറമേ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലത്തീഫ്, അനൂപ്, ധര്‍മേഷ്, സി.പി.ഒ.മാരായ അനീഷ് കുമാര്‍, സുരേഷ് ബാബു, പ്രശാന്ത്, രമേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ആലൂര്‍ സ്വദേശികളായ കബീര്‍, താഹിര്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരേയും തൃത്താല പോലീസ് കേസെടുത്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Content Highlights: clash between two groups in pattambi nercha 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..