ആര്യങ്കാവ് കോട്ടവാസലിൽ തമിഴ്നാട് ഭാഗത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കൂട്ടത്തല്ല്
തെന്മല: ഉച്ചത്തില്‍ പാട്ടുവെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആര്യങ്കാവ് കോട്ടവാസലില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആര്യങ്കാവ് കോട്ടവാസലിലെ ക്ഷേത്രത്തിലെത്തിയ തമിഴ്‌നാട് തൂത്തുക്കുടി സംഘവും പുളിയറ തെക്കുമെട് ഭാഗത്തുള്ള സംഘവുമാണ് ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. തൂത്തുക്കുടി സംഘമെത്തിയ വാഹനത്തില്‍ ഉച്ചത്തില്‍വെച്ച പാട്ട് നിര്‍ത്തണമെന്ന് തെക്കുമെട്ടില്‍നിന്നെത്തിയ കുറച്ചുപേര്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനു തുടക്കം. ഈ തര്‍ക്കം മൂര്‍ച്ഛിക്കുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അരമണിക്കൂറോളം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ത്തല്ലി.
ആഹാരം പാകംചെയ്യാന്‍ വാഹനത്തില്‍ കൊണ്ടുവന്ന വിറകുകൊണ്ട് പുരുഷന്മാരും സ്ത്രീകളും അടങ്ങിയസംഘം എതിര്‍സംഘാംഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. പലരും അടികൊണ്ട് റോഡില്‍ വീണു. റോഡില്‍ വീണ അഞ്ചുപേരെ കൂടെയുണ്ടായിരുന്നവര്‍ അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് സംഘര്‍ഷം മൂര്‍ച്ഛിച്ചു. പുളിയറ ഭാഗത്തുനിന്നു കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്കെത്തിയതോടെ അരമണിക്കൂറോളം ദേശീയപാത നിശ്ചലമായി. ഇരു സംഘങ്ങളും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ പരസ്പരം തല്ലിത്തകര്‍ത്തു.
തെന്മല സ്റ്റേഷന്‍ ഓഫീസര്‍ കെ.ശ്യാം, എസ്.ഐ. സുബിന്‍ തങ്കച്ചന്‍, സി.പി.ഒ.മാരായ അനൂപ്, രഞ്ജിത്ത്, വിഷ്ണു എന്നിവരടങ്ങിയ സംഘവും പുളിയറ പോലീസും സംഭവസ്ഥലത്ത് എത്തിയെങ്കിലും സംഘര്‍ഷം തുടര്‍ന്നു. പിന്നീട് കൂടുതല്‍ പോലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. സംഘര്‍ഷം തമിഴ്‌നാട് ഭാഗത്തായതിനാല്‍ പുളിയറ പോലീസ് കേസെടുത്തു.
Content Highlights: clash between two groups in kottavasal near by thenmala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..