ബൈക്ക് കത്തുന്നതിന്റെ ദൃശ്യം(ഇടത്ത്) പ്രതീകാത്മക ചിത്രം(വലത്ത്)
നെടുങ്കണ്ടം: പുതുവര്‍ഷരാത്രിയില്‍ സി.പി.എമ്മിലെ രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം അടക്കമുള്ള സംഘമാണ് ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ സി.പി.എം. പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിന്റെ ബൈക്ക് അഗ്നിക്കിരയായി.
എന്നാല്‍, ബ്രാഞ്ച് സെക്രട്ടറിതന്നെയാണ് സ്വന്തം ബൈക്ക് കത്തിച്ചതെന്നാണ് എതിര്‍വിഭാഗം പറയുന്നത്. ഇതിനിടെ ബ്രാഞ്ച് സെക്രട്ടറി അക്രമികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം വാഹനം ബ്രാഞ്ച് സെക്രട്ടറി കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് എതിര്‍വിഭാഗം നല്കി.
പുതുവര്‍ഷ രാത്രിയിലാണ് വട്ടപ്പാറയ്ക്ക് സമീപം അമ്പലമെട്ടില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച ആക്രമണസംഭവമുണ്ടായത്. പാര്‍ട്ടിയിലെ ഇരുഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ല.
ഈ അടുത്ത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉണ്ടായതിനെത്തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ചേരിതിരിഞ്ഞുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. സാമൂഹികമാധ്യമങ്ങളിലൂടെ ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ വധഭീഷണി ഉയര്‍ത്തുന്ന സംഭാഷണവും ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
സംഭവസമയത്ത് അക്രമകാരികള്‍ എല്ലാരുംതന്നെ മദ്യലഹരിയിലായിരുന്നു. സംഭവസമയത്ത് ബ്രാഞ്ച് സെക്രട്ടറി സഹായം തേടി പ്രാദേശിക നേതാവിനെ വിളിക്കുകയും ഈ സമയത്ത് അക്രമിസംഘം അസഭ്യവര്‍ഷവുമായി എത്തി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിക്കുന്ന സംഭാഷണമാണ് പ്രചരിക്കുന്നത്. പാര്‍ട്ടിയിലെതന്നെ നേതാക്കള്‍ ചേരിതിരിഞ്ഞ് അക്രമസംഭവങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരേ പ്രദേശത്തും പാര്‍ട്ടിയിലും വലിയ രീതിയിലുള്ള പ്രതിഷേധമാണുള്ളത്.
Content Highlights: clash between two cpm groups in nedumkandam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..