കൊട്ടാരക്കരയിൽ സംഘർഷത്തിനിടെ തകർത്ത കാർ, കൊച്ചിയിൽ പോലീസുകാരനെ കാലിൽ പിടിച്ച് വലിച്ചിഴക്കുന്ന ദൃശ്യം | Screengrab: Mathrubhumi News
കൊച്ചി: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. വിജയാഘോഷം അതിരുവിട്ടതോടെയാണ് പലയിടത്തും സംഘര്‍ഷം ഉടലെടുത്തത്. കൊച്ചിയിലും തിരുവനന്തപുരത്തും പോലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായി. കണ്ണൂരില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊല്ലം കൊട്ടാരക്കരയില്‍ ഡി.വൈ.എഫ്.ഐ.-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
കൊച്ചിയില്‍ പോലീസുകാരന് മര്‍ദനം, കാലില്‍ പിടിച്ച് വലിച്ചിഴച്ചു
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പോലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികവിവരം. കളി കണ്ട് മടങ്ങിയ ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന പോലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്.
അക്രമികള്‍ പോലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പോലീസുകാരനും മര്‍ദനമേറ്റു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മദ്യലഹരിയിലാണോയെന്നും സംശയമുണ്ട്.
തിരുവനന്തപുരം പൊഴിയൂരില്‍ എസ്.ഐ.ക്ക് മര്‍ദനം, പരിക്ക്...
പൊഴിയൂരില്‍ ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്ത് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയവരെ പിടികൂടുന്നതിനിടെയാണ് പൊഴിയൂര്‍ എസ്.ഐ. സജിക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.
പൊഴിയൂര്‍ ജങ്ഷനില്‍ ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ചിടത്താണ് രണ്ടുയുവാക്കള്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. തുടര്‍ന്ന് ഇവരും നാട്ടുകാരുമായി തര്‍ക്കമായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ എസ്.ഐ.യെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ എസ്.ഐ. സജി
എസ്.ഐ.യെ ചവിട്ടിവീഴ്ത്തുകയും കൈയില്‍ ചവിട്ടുകയും ചെയ്തു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ എസ്.ഐ.യെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ(32) പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കൊട്ടാരക്കരയിലും സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരിക്ക്...
കൊട്ടാരക്കര പൂവറ്റൂര്‍ മൈതാനത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീന ആദ്യ ഗോള്‍ നേടിയതോടെ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് കൊടി വീശിയിരുന്നു. ഇതില്‍ പ്രകോപിതരായി എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതിനുപിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസെത്തി ലാത്തി വീശി. ഇതിനിടെ, എ.ഐ.വൈ.എഫ്. പ്രവര്‍ത്തകന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു...
കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കഴിഞ്ഞുള്ള അഹ്ലാദപ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: clash after fifa football world cup final match attack against police in kochi trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..