ശ്രിൽസൺ
കൊല്ലങ്കോട്: കൊല്ലങ്കോട് പോലീസ് സ്റ്റേഷന് വളപ്പിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ സിവില്‍പോലീസ് ഓഫീസറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വിളയോടി വടുകത്തറ പരേതനായ ശിവശങ്കരന്റെ മകന് ശ്രില്സണ് (40) നെയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്റ്റേഷനോടുചേര്‍ന്ന് വടക്കുവശത്തുള്ള ക്വാര്‍ട്ടേഴ്സിന്റെ മുകളിലത്തെ നിലയിലുള്ള മുറിയുടെ ഫാനിലാണ് തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
'ഞാന്‍ പോകുന്നു എല്ലാവര്ക്കും നന്ദി' എന്നെഴുതിയ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിനരികില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒരുവര്‍ഷംമുമ്പാണ് ഷോളയൂരില്നിന്നും ശ്രില്സണ് കൊല്ലങ്കോട് സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. നിലവില്‍ കൊല്ലങ്കോട് സ്റ്റേഷനില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് ജോലി നോക്കിവരികയാണ്.
വ്യാഴാഴ്ച ജോലികഴിഞ്ഞ്, വെള്ളിയാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ശനിയാഴ്ചരാവിലെ സ്റ്റേഷനിലേക്ക് വന്നിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് സ്റ്റേഷനില്‍നിന്നും കാണാതായി. വീട്ടില്‍നിന്നും സ്റ്റേഷനില്‍നിന്നും വിളിച്ചെങ്കിലും ശ്രില്സണിനെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന്, വൈകീട്ട് ക്വാര്‍ട്ടേഴ്സില്‍ പോലീസ് അന്വേഷിച്ചുചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അകത്തുനിന്ന് വാതിലടച്ച നിലയിലായിരുന്നു.
കട്ടിലിന് മുകളില്‍ കസേര കയറ്റിവെച്ച് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു.
റെയില്‍വേയില്‍ ജോലിയുള്ള ഭാര്യ ലിനിയും കുട്ടികളുമൊത്ത് കുറേക്കാലം ഇവര്‍ കൊല്ലങ്കോട്ടെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ ലിനിയും കുട്ടികളും വിളയോടിയിലെ വീട്ടിലാണുള്ളത്. ജോലിയില്‍ കൃത്യനിഷ്ഠ പുലര്‍ത്തിയിരുന്ന ആളാണ് ശ്രില്സനെന്നും സ്റ്റേഷനുമായി ബന്ധപ്പെട്ടോ സാമ്പത്തികമായോ ഇദ്ദേഹത്തിന് പ്രയാസമെന്തെങ്കിലും ഉള്ളതായി അറിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അധികമായി ആരോടും ഇടപഴകാത്ത പ്രകൃതമായിരുന്നു ശ്രില്സന്റേതെന്നും പറയുന്നുണ്ട്.
അമ്മ: ചെമ്പകവല്ലി. മക്കള്‍: ശ്രീനിഹ (ആറുവയസ്സ് ), ശ്രീഷ (ആറുമാസം). സഹോദരങ്ങള്‍: ശ്രീജു, ശ്രീദേവി. മൃതദേഹം ഞായറാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ചിറ്റൂര്‍ ഡിവൈ.എസ്.പി. സുന്ദരന്‍, കൊല്ലങ്കോട് ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ്, മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ എം. ശശിധരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..