Photo: AFP
വാഷിങ്ടണ്‍: ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തില്‍ സിറ്റി ബാങ്കിന് കോടതിയില്‍നിന്നു തിരിച്ചടി. അബദ്ധത്തില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ 900 മില്ല്യണ്‍ യു.എസ്. ഡോളറില്‍ ബാക്കിയുള്ള 500 മില്ല്യണ്‍ ഡോളര്‍ സിറ്റി ബാങ്കിന് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് യു.എസിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സിറ്റി ബാങ്ക് വക്താവ് പ്രതികരിച്ചു.
അബദ്ധത്തില്‍ കൈമാറിയ പണം തിരികെ ലഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സിറ്റി ബാങ്ക് കോടതിയെ സമീപിച്ചത്. ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് കോടതി വരെ വിശേഷിപ്പിച്ച അബദ്ധമാണ് അന്ന് സിറ്റി ബാങ്കിന് പിണഞ്ഞത്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ റെവ്ലോണിന്റെ വായ്പ ഏജന്റായിരുന്നു സിറ്റി ബാങ്ക്. റെവ്ലോണ് കമ്പനിക്ക് പണം കടം നല്‍കിയവര്‍ക്ക് 900 മില്ല്യണ്‍ യു.എസ്. ഡോളറാണ് അന്ന് സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത്. വായ്പയുടെ പലിശ ഇനത്തില്‍ വെറും എട്ട് മില്ല്യണ്‍ ഡോളര്‍ നല്‍കേണ്ടിടത്തായിരുന്നു ഇത്രയും ഭീമമായ തുക ബാങ്കിന് നഷ്ടമായത്.
ഇതിനിടെ, റെവ്ലോണിന് കടം നല്കിയ ചില കമ്പനികള്‍ അധികമായി ലഭിച്ച തുക സിറ്റി ബാങ്കിന് തിരികെ നല്കി. എന്നാല്‍ പത്ത് കമ്പനികള്‍ പണം തിരികെ നല്‍കിയില്ല. തങ്ങളില്‍നിന്ന് വായ്പയെടുത്ത തുകയും പലിശയുമടക്കം റെവ്ലോണിന്റെ വായ്പ ഏജന്റായ സിറ്റി ബാങ്ക് തിരികെനല്കിയതാണെന്നായിരുന്നു ഈ കമ്പനികളുടെ വാദം. ഏകദേശം 500 മില്ല്യണ്‍ ഡോളറാണ് ബാങ്കിന് തിരികെ ലഭിക്കാനുണ്ടായിരുന്നത്. പത്ത് കമ്പനികളും പണം തിരികെ നല്‍കാതിരുന്നതോടെ സിറ്റി ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, സിറ്റി ബാങ്കിന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും തള്ളി. അബദ്ധത്തിലൂടെ പണം ലഭിക്കുന്നവര്‍ അത് തിരികെ നല്കാന് ബാധ്യതസ്ഥരാണ്. എന്നാല്‍, ഈ കേസില്‍ സിറ്റി ബാങ്ക് നടത്തിയ ഇടപാട് അബദ്ധം പിണഞ്ഞതാണെന്ന് വിശ്വസിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയില്ല. കാരണം റെവ്ലോണിന് നല്കിയ വായ്പ തുക മുഴുവനും തിരികെ നല്‍കിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അതിനാല്‍ ആ പണം സൂക്ഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
Content Highlights:citi bank cannot recover 500 million usd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..