ബാലവിവാഹത്തിൽ കൂട്ട അറസ്റ്റ്: അസമിൽ വിവാഹം മുടങ്ങിയ 17-കാരി ജീവനൊടുക്കി; പ്രതിഷേധവുമായി ഭാര്യമാരും


ബാലവിവാഹങ്ങള്‍ക്കെതിരേയുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 2441 പേര്‍ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ അറിയിച്ചു.

പ്രതീകാത്മക ചിത്രം | PTI

ഗുവാഹാട്ടി: ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട് കൂട്ട അറസ്റ്റ് തുടരുന്ന അസമില്‍ വിവാഹം മുടങ്ങിയ വിഷമത്തില്‍ 17-കാരി ജീവനൊടുക്കി. അസമിലെ കച്ചാര്‍ ജില്ലയിലെ ഖസ്പുര്‍ സ്വദേശിയായ 17-കാരിയാണ് ജീവനൊടുക്കിയത്. പ്രണയത്തിലായിരുന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ ബാലവിവാഹങ്ങളില്‍ പോലീസും സംസ്ഥാന സര്‍ക്കാരും നടപടികള്‍ കര്‍ശനമാക്കിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനം മാറ്റുകയും വിവാഹം വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നു. ഇതോടെയാണ് വിവാഹം മുടങ്ങിയ വിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കിയത്.

അതിനിടെ, അസമിലെ ഗോലക്ഗഞ്ചില്‍ പോലീസ് സ്റ്റേഷനിലെത്തി 23-കാരി ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവവുമുണ്ടായി. ബാലവിവാഹത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തെന്നും ഇവരെ വിട്ടയച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നുമായിരുന്നു 23-കാരിയായ അഫ്രോസ ഖാത്തൂന്റെ ഭീഷണി.

മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മയ്ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് യുവതി വിമര്‍ശനമുന്നയിച്ചത്. 'എന്തുകൊണ്ടാണ് മുഖ്യമന്ത്രി എന്റെ ഭര്‍ത്താവിനെ പിടികൂടിയിരിക്കുന്നത്. ആരാണ് മുഖ്യമന്ത്രിക്ക് ഇതിന് അധികാരം നല്‍കിയത്. എന്റെ ഭര്‍ത്താവിനെയും പിതാവിനെയും ഇന്ന് വിട്ടയച്ചില്ലെങ്കില്‍ ഞാന്‍ കോടതി വളപ്പിലെത്തി ആത്മഹത്യ ചെയ്യും. എനിക്ക് എന്റെ ഭര്‍ത്താവിനെയും പിതാവിനെയും തിരികെവേണം. ഞാന്‍ 1999-ല്‍ ജനിച്ചയാളാണ്. 2018-ല്‍ എനിക്ക് 19 വയസ്സുള്ളപ്പോളാണ് വിവാഹം നടന്നത്. അന്ന് തനിക്ക് പ്രായപൂര്‍ത്തിയായതാണ്', യുവതി പറഞ്ഞു.

ബാലവിവാഹങ്ങളിലെ കൂട്ട അറസ്റ്റിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അറസ്റ്റിലായവരുടെ ഭാര്യമാരും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് കൂട്ടത്തോടെയെത്തി സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ ചിലയിടങ്ങളില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.

അതേസമയം, ബാലവിവാഹങ്ങള്‍ക്കെതിരേയുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 2441 പേര്‍ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ അറിയിച്ചു. ഇതുവരെ 4074 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ഉയര്‍ന്ന മാതൃ-ശിശു മരണനിരക്കിന് കാരണം ബാലവിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അസമിലെ വിവാഹങ്ങളില്‍ 31 ശതമാനവും ബാലവിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ബാലവിവാഹ നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: child marriage crackdown in assam girl commits suicide after her wedding called off

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented