രാവിലെ സുഹൃത്തിനൊപ്പം പോയ വയലോരത്തുകൂടി വാസുദേവന്റെ മൃതദേഹം കൊണ്ടുവരുന്നു, ഇൻസെറ്റിൽ വാസുദേവനും ഗിരീഷും
ചെറുതുരുത്തി: ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു. പൈങ്കുളം കുന്നുമ്മാര്‍തൊടി വീട്ടില്‍ വാസുദേവന്‍(56) ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമായ പുത്തന്‍പുരയില്‍ ഗിരീഷ് ആണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിസരത്തെ കാട്ടിലേക്ക് കയറിപ്പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടത്തി പോകുകയായിരുന്ന ഗിരീഷിനെ മറ്റൊരു സുഹൃത്ത് കുന്നുമ്മല്‍ വീട്ടില്‍ ജയപ്രകാശ് (38) തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹത്തെയും ഗിരീഷ് വെട്ടി.
പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാടശേഖരത്തോടു ചേര്‍ന്നുള്ള പറമ്പിലാണ് സംഭവം. ചെത്തുതൊഴിലാളികളായ സുഹൃത്തുക്കള്‍ ഒന്നിച്ച് രാവിലെ ചെത്തിനായി എത്തിയതായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വെട്ടേറ്റത് എന്നാണ് പോലീസ് നിഗമനം.
വെട്ടേറ്റ് കഴുത്ത് ആഴത്തില്‍ മുറിഞ്ഞ നിലയിലായിരുന്നു വാസുദേവന്റെ മൃതദേഹം. മുഖത്തും കൈയിലും വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ വൈരമില്ലായിരുന്നെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. രാവിലെ പതിവുപോലെ ഒന്നിച്ച് ജോലിക്കുപോയതായിരുന്നു.
ജയപ്രകാശിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംഭവമറിഞ്ഞ് എത്തിയ ചെറുതുരുത്തി പോലീസും ഓടിക്കൂടിയ നാട്ടുകാരും കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഗിരീഷിനെ കണ്ടെത്താനായില്ല. വാസുദേവന്റെ ഭാര്യ: ഉഷ, മക്കള്‍: വിജീഷ്, വാസന്തി.
മടക്കം ജീവനെടുത്ത്
വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധം, ഒരേ നാട്ടുകാര്‍. രാവിലെ ഒന്നിച്ച് ബൈക്കില്‍ ജോലിക്കുപോകുന്നത് കണ്ടവരേറെ. വൈകുന്നേരമായപ്പോള്‍ അതിലൊരാള്‍ മറ്റേയാളുടെ ജീവനെടുത്തു എന്ന വാര്‍ത്ത വാഴാലിപ്പാടം നിവാസികള്‍ക്ക് വിശ്വസിക്കാനായില്ല.
വെട്ടേറ്റുമരിച്ച വാസുദേവനും പ്രതിയായ ഗിരീഷും രാവിലെ കള്ളുചെത്തുന്ന തോട്ടത്തിലേക്ക് പോകുന്നതും ചെത്തിയിറക്കുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഒന്നിച്ചായിരുന്നെന്ന് സഹപ്രവര്‍ത്തകരായ മറ്റ് ചെത്തുതൊഴിലാളികള് പറഞ്ഞു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍, രണ്ടുദിവസമായി ഗിരീഷ് അസ്വസ്ഥനായിരുന്നു.
കള്ളുചെത്താന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തികൊണ്ടാണ് വാസുദേവന്റെ കഴുത്തില്‍ വെട്ടിയത്. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം. തോട്ടത്തിനപ്പുറത്ത് അടയ്ക്കപറിക്കാന്‍ വന്നവര്‍പോലും സംഭവം അറിഞ്ഞില്ല.
ഗിരീഷ് മറ്റൊരു സുഹൃത്തിനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത് അറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് വാസുദേവന്‍ തോട്ടത്തില്‍ മരിച്ചുകിടക്കുന്നത് കണ്ട് ചെറുതുരുത്തി പോലീസില്‍ അറിയിച്ചത്.
ഈ സമയത്തിനുള്ളില്‍ ഗിരീഷ് വീടിനുസമീപത്തുള്ള കാടിനകത്തേക്ക് ഓടിപ്പോയി. തിരച്ചിലിനൊടുവില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമാകാത്ത സാഹചര്യത്തില്‍ പ്രതിയുടെ മൊബൈല്‍ കണ്ടെത്തിയത് നിര്‍ണായകമാകും.
ചെറുതുരുത്തി എസ്.ഐ. പി.ബി. ബിന്ദുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് എ.സി.പി. സുരേഷ്, സയന്റിഫിക് ഓഫീസര്‍ ബി. മഹേഷ്, വിരളടയാളവിദഗ്ധന് യു. രാമദാസ്, കെ.എസ്. ദിനേഷ് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു.
Content Highlights: cheruthuruthi murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..