വൈദ്യുതി മീറ്റർ തകർത്ത നിലയിൽ, വൈദ്യുതി മീറ്റർ തകർത്ത നിലയിൽ
ചെങ്ങന്നൂർ: രാത്രിയിൽ ആളില്ലാത്ത വീട്ടിൽക്കയറി ടി.വി., ഡിഷ് ആന്റിന, ഫാൻ, വൈദ്യുതി മീറ്റർ എന്നിവയടക്കമുള്ള വീട്ടുപകരണങ്ങൾ അടിച്ചുതകർത്തു. ചെങ്ങന്നൂർ നൂറ്റവൻപാറ വടക്കേ ചരുവിൽ എൻ. ബാലകൃഷ്ണ(65)ന്റെ വീട്ടിലാണ് സമൂഹ വിരുദ്ധർ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ഈ സമയം ബാലൻ സ്ഥലത്തുണ്ടായിരുന്നില്ല. കുറച്ചു കാലമായി ഒറ്റയ്ക്കു കഴിയുന്ന ഇദ്ദേഹം സുഖമില്ലാതായതോടെ അല്പം അകലെയുള്ള സഹോദരിയുടെ വീട്ടിലാണു രാത്രി കിടന്നിരുന്നത്. സഹോദരങ്ങളുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഉപകരണങ്ങൾ അടിച്ചുതകർത്തതായി കണ്ടത്. വീടിനു മുൻവശം പ്രധാന വാതിലിനോടുചേർന്ന ഭിത്തിയിലെ വൈദ്യുതി മീറ്റർ അടിച്ചുതകർത്ത നിലയിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ വീടിന്റെ പുറകുവശത്തെ വാതിലിന്റെ കതക് ഇളക്കിമാറ്റിയ നിലയിലും അടുക്കളയിലുണ്ടായിരുന്ന കലവും ചട്ടിയും മറ്റു പാത്രങ്ങളും അകത്തെ മുറിയിലുണ്ടായിരുന്ന ടി.വി., ടേബിൾ ഫാൻ എന്നിവയും അടിച്ചുതകർത്തിട്ടിരിക്കുന്നതുമാണ് കണ്ടത്. വീടിനു മുകളിലെ ഡിഷ് ആന്റിനയും നശിപ്പിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ പോലീസിലും കെ.എസ്.ഇ.ബി.യിലും വിവരമറിയിച്ചു. പിന്നാലെ ചെങ്ങന്നൂർ പോലീസിൽ നേരിട്ടെത്തി രണ്ടുതവണ പരാതിയും നൽകി. ഇതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി പൊട്ടിപ്പൊളിഞ്ഞ മീറ്ററിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
സ്ഥലം സന്ദർശിക്കാനോ പ്രതിയെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ സംഭവംനടന്ന് മൂന്നുദിവസമായിട്ടും ചെങ്ങന്നൂർ പോലീസ് തയ്യാറായിട്ടില്ലെന്നു ബാലകൃഷ്ണൻ ആരോപിച്ചു.
‘പ്രതിയെ കണ്ടെത്തി 102-ൽ വിളിച്ച് അറിയിച്ചാൽ അറസ്റ്റ് ചെയ്യാം’
വെള്ളിയാഴ്ച രാവിലെ കൊടുത്ത പരാതിയിൽ നടപടി വൈകിയതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും ചെങ്ങന്നൂർ സ്റ്റേഷനിലെത്തി രണ്ടാമതൊരു പരാതിയും നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോൾ പ്രതിയെ കണ്ടെത്തി 102-ൽ വിളിച്ചറിയിച്ചാൽ തങ്ങൾ വന്ന് അറസ്റ്റുചെയ്യാമെന്ന വിചിത്രനിർദേശം പോലീസ് നൽകിയതായും ബാലകൃഷ്ണൻ പറയുന്നു. പോലീസ് നടപടിയുണ്ടാകാത്തതിനാൽ തിങ്കളാഴ്ച കോടതിയിൽ ഹർജി നൽകാനൊരുങ്ങുകയാണു ബാലകൃഷ്ണൻ.
Content Highlights: chengannur police home attack n balakrishan police reply call 102 when gets accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..