Photo: Gettyimages
തളിപ്പറമ്പ്: ഫോണ്‍വിളിയിലൂടെ തളിപ്പറമ്പിലെയും തൃക്കരിപ്പൂരിലെയും മൊബൈല്‍ഫോണ്‍ ഷോപ്പ് ഉടമകളെ കബളിപ്പിച്ച് 50,000 രൂപ വെട്ടിച്ചു. തളിപ്പറമ്പിലെ ഹലോ മൊബൈല്‍ ഷോപ്പുടമയുടെ പണമാണ് നഷ്ടപ്പെട്ടത്.
കബളിപ്പിക്കലിന്റെ തുടക്കമിങ്ങനെ: തൃക്കരിപ്പൂരിലെ അലീഫ് ഇ-മാര്‍ട്ട് മൊബൈല്‍ ഷോപ്പിലേക്ക് പുതിയ ഐ ഫോണ്‍ 12 പ്രോ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഫോണ്‍വിളിയെത്തി. തിരുവനന്തപുരത്തുനിന്നാണ് വിളിക്കുന്നതെന്നും ഫോണ്‍ കണ്ണൂരിലെത്തിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കണ്ണൂരിലെത്തിക്കാനുള്ള പ്രയാസം കടയുടമ അറിയിച്ചപ്പോള്‍ തളിപ്പറമ്പിലെ ഐസ്ക്രീം വില്പനസ്ഥാപനത്തെ പരിചയപ്പെടുത്തി അവിടെയെത്തിക്കണമെന്നായി. തുടര്‍ന്ന് കച്ചവടം ഉറപ്പിച്ചു. ഇതോടെ പുതിയ ഫോണുമായി തൃക്കരിപ്പൂരില്‍നിന്ന് ജീവനക്കാരന് തളിപ്പറമ്പിലെത്തി. എന്നാല്‍ ഐസ്ക്രീം ഷോപ്പില്‍ ആവശ്യക്കാരനെ കാണാതായപ്പോള്‍ നേരത്തേ വിളിച്ചയാളെ ബന്ധപ്പെട്ടു. ഫോണ്‍ പരിശോധിക്കണമെന്നും സമീപത്തുതന്നെയുള്ള ഹലോ മൊബൈല്‍ ഷോപ്പില്‍ നല്കിയാല് മതിയെന്നുമായി മറുപടി. പരിചയക്കാരന്റെ കടയാണെന്നും അദ്ദേഹം ഫോണ്‍ പരിശോധിച്ച് തുക തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുപ്രകാരം തൃക്കരിപ്പൂരില്‍നിന്ന് എത്തിയ ജീവനക്കാരന് ഹലോ മൊബൈല്‍ ഷോപ്പ് ഉടമ മിസ്ബിന്‍ ഫോണ്‍ നല്കി പുറത്തിറങ്ങി.
തിരുവനന്തപുരത്തുനിന്ന് ഫോണ്‍ ആവശ്യപ്പെട്ട് വിളിച്ചയാള്‍ നേരത്തേ തളിപ്പറമ്പിലെ മിസ്ബിനെയും ബന്ധപ്പെട്ടിരുന്നു. ഐ ഫോണ്‍ കൊടുക്കാനുണ്ടെന്നും പകരം മറ്റൊരു വിലകൂടിയ ഫോണ്‍ വേണമെന്നുമായിരുന്നു ആവശ്യം. ഐ ഫോണുമായി സഹോദരനെത്തുമെന്നും പറഞ്ഞിരുന്നു. കൃത്യമായ സമയവും മറ്റു വിവരങ്ങളുമെല്ലാം നല്കി. ഫോണുമായി സഹോദരനെത്തിയാല് തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് നേരത്തേ പറഞ്ഞുറപ്പിച്ച വില്‍ക്കാനുള്ള ഫോണാണെന്ന് കരുതി മിസ്ബിന്‍ ഫോണ്‍ വാങ്ങി പരിശോധിച്ചു. ഈ സമയത്തെല്ലാം തട്ടിപ്പുസംഘം ബന്ധപ്പെടുകയും ഐ ഫോണിന് എന്തുവില ലഭിക്കുമെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 62,000 രൂപ വില ഉറപ്പിക്കുകയും ചെയ്തു.
50,000 രൂപ ആവശ്യപ്പെട്ട തട്ടിപ്പുസംഘം ബാക്കിത്തുക പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ കണക്കില്പ്പെടുത്താമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. മറ്റൊരു ഫോണ്‍ നമ്പര്‍ നല്കി തുക ഗൂഗിള്‍പേ വഴി അയക്കാനും പറഞ്ഞു. ഇതുപ്രകാരം അരലക്ഷം രൂപ അയച്ചുകഴിഞ്ഞപ്പോഴാണ് തൃക്കരിപ്പൂരില്‍നിന്ന് എത്തിയയാള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. മിസ്ബിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..