കൊല്ലപ്പെട്ട ഷാരോണും പ്രതി ഗ്രീഷ്മയും | ഫയൽചിത്രം
തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം.
ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ലൈംഗികമായി ബന്ധപ്പെടുവാനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂർ ഇരുവരും ലൈംഗികമായ കാര്യങ്ങൾ സംസാരിച്ചു. 2022 ഒക്ടോബർ 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പലതവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.
2021 ഒക്ടോബർ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയ് മാസം മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബർ മാസത്തിൽ ഷാരോണിന്റെ വീട്ടിൽവെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി.
തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങൾ സംസാരിച്ചു. 14–ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ട ഗ്രീഷ്മ ഇവിടെ വച്ച് ഷാരോണിന് കഷായം നൽകുകയായിരുന്നു.
കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാൻ ജ്യൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ വൃക്ക, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികിത്സയിയിലിരിക്കേ മരിച്ചു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനായിരുന്നു തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു
Content Highlights: chargesheet on sharon murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..