കാണാതാകുംമുമ്പ് കിരൺ ആഴിമലഭാഗത്തെ വഴിയിലൂടെ ഓടിപ്പോകുന്ന ദൃശ്യം, ഇൻസെറ്റിൽ കിരൺ | Photo: മാതൃഭൂമി
തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ ആഴിമലയില്‍ കാണാതായ കേസില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തു. നരുവാമുട് മൊട്ടമൂട് വള്ളോട്ടുകോണം വീട്ടില്‍ മധുവിന്റെയും മിനിയുടെയും മകന് കിരണിനെ(25)യാണ് ശനിയാഴ്ച ഉച്ചമുതല്‍ കാണാതായത്.
അതിനിടെ കാണാതാകുന്നതിനുമുമ്പ് ആഴിമല പാറക്കെട്ടിന് സമീപത്തേക്കുള്ള വഴിയിലൂടെ ഓടിപ്പോകുന്ന കിരണിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു.യുവതിയെ കാണാനെത്തിയ കിരണിനെയും സുഹൃത്ത് അനന്തു, ബന്ധു മെല്വിന് എന്നിവരെയും യുവതിയുടെ സഹോദരന് ഹരിയും സഹോദരീഭര്‍ത്താവ് രാജേഷും ചേര്‍ന്ന് മര്‍ദിച്ചതായി പോലീസ് പറയുന്നു.
തുടര്‍ന്ന് കിരണിനെ രാജേഷ് തന്റെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. മറ്റുരണ്ടുപേരെയും ഹരിയുടെ കാറില്‍ കയറ്റി ആഴിമല ജങ്ഷനിലെത്തിച്ചു എന്നാണ് പോലീസിനു ലഭിച്ച മൊഴി.രാജേഷ്, ഹരി എന്നിവര്‍ക്കെതിരേ യുവാക്കളെ മര്‍ദിച്ചതിനും ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതിനുമാണ് വിഴിഞ്ഞം പോലീസ് കേസ് എടുത്തത്. ഒളിവില്‍പ്പോയ പ്രതികളുടെ മൊബൈല്‍ഫോണ്‍ നിശ്ചലമാണ്.
ആഴിമല പാറക്കെട്ടിനു സമീപത്തേക്കു പോകുന്ന വഴിയിലൂടെ കിരണ്‍ ആരെയോ ഭയന്ന് ഓടുകയാണെന്നാണ് ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് സംശയിക്കുന്നു. തുടര്‍ന്നാണ് കിരണിനെ കാണാത്തതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പാറപ്പുറത്തുകണ്ട ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ആഴിമല ക്ഷേത്രത്തിനു പുറകിലുള്ള പുളിങ്കുടി പാറക്കെട്ടില്‍നിന്നു കിരണ്‍ കടലില്‍ വീണെന്നാണ് വിഴിഞ്ഞം പോലീസ് സംശയിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആഴിമല സ്വദേശിനിയെ കാണാനായി അയല്‍വാസിയും ബന്ധുവുമായ യുവാക്കള്‍ക്കൊപ്പമായിരുന്നു കിരണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. ഇവിടെവെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി വാക്കേറ്റവുമുണ്ടായി.
മകന് വരാന്‍ വൈകിയതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് കിരണിന്റെ അച്ഛന് മധു പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് നരുവാമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അവിടെനിന്ന് വിഴിഞ്ഞം പോലീസിനു വിവരം കൈമാറി.
തുടര്‍ന്ന് കിരണിന്റെ അച്ഛനും സഹോദരന് അരുണുമുള്പ്പെട്ട ബന്ധുക്കള്‍ വിഴിഞ്ഞം സ്റ്റേഷനിലെത്തി പോലീസ് കാണിച്ചുകൊടുത്ത ചെരിപ്പ് കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കിരണിനൊപ്പമുണ്ടായിരുന്ന മെല്‍വിനെയും അനന്തുവിനെയും എസ്.എച്ച്.ഒ. പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..