ജെസ്‌ന
കോട്ടയം: കാണാതായി നാല് വര്‍ഷത്തിനുശേഷം ജെസ്‌ന മരിയ ജെയിംസിനായി ലുക്ക് ഔട്ട് നോട്ടീസുമായി സി.ബി.ഐ. പോയവര്‍ഷം ഫെബ്രുവരിയിലാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. 2018 മാര്‍ച്ച് 22-നാണ് കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്.
യാത്ര പുറപ്പെട്ടു, പിന്നെയെവിടെ
കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു. അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22-ന് രാവിലെ 9.30-ന് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛന്‍ രാവിലെ 7.15-നും സഹോദരന്‍ 8.30-നും വീട്ടില്‍നിന്ന് പോയിരുന്നു.
പക്ഷേ, ജെസ്‌ന പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയില്ല. വീട്ടില്‍നിന്ന് മൊബൈല്‍ എടുത്തിരുന്നില്ല. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കാര്യമായ വിവരമൊന്നും കിട്ടിയില്ല. ആണ്‍സുഹൃത്തുമായി സംസാരിച്ചെങ്കിലും ജെസ്‌ന ഈവിധം പോകുന്നെന്ന സൂചനയൊന്നും അയാള്‍ക്കും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല.
എരുമേലി-മുണ്ടക്കയം റോഡില്‍ കണ്ണിമല ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യത്തില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരാള്‍ ബസില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല ക്യാമറാ ദൃശ്യങ്ങളും നോക്കിയിട്ടും അധികം വിവരമൊന്നും കിട്ടിയില്ല.
പോലീസ് പോയ വഴി
കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പി. ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ടായിരുന്നത്. ജെസ്‌നയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയ വസ്ത്രത്തില്‍ രക്തക്കറ പുരണ്ടതായി കണ്ടെത്തി. ഇത് ജെസ്‌നയുടെ രക്തമാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായില്ല. 2018 മേയ് 27-ന് ഐ.ജി. മനോജ് ഏബ്രഹാം അന്വേഷണം ഏറ്റെടുത്തു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തുകയുംചെയ്തു.
2018 ഓഗസ്റ്റില്‍ മഹാപ്രളയം വന്നതോടെ അന്വേഷണം തണുത്തമട്ടിലായി. പരാതികളെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എ.ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി ചുമതലയേറ്റു. 2020 ഏപ്രിലില്‍ നിര്‍ണായകവിവരം കിട്ടിയെന്ന് അറിയിച്ചെങ്കിലും സംഘം പ്രതികരിക്കാന്‍ വിസമ്മതിച്ചു. ജെസ്‌ന എവിടെയുണ്ടെന്ന് തനിക്ക് അറിയാമെന്ന് ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷേ, കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്താവന പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി. സൈമണും നടത്തിയെങ്കിലും ജെസ്‌ന കാണാമറയത്തുതന്നെ.
മകളെ കണ്ടെത്തണം...
സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴും, ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്ന എരുമേലി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയും മകളുടെ തിരോധാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മകളെ തിരിച്ച് കിട്ടുമെന്നാണ് പ്രതീക്ഷ.- ജെയിംസ് കുന്നത്ത് കൊല്ലമുള (ജെസ്നയുടെ അച്ഛന്‍)
Content Highlights: CBI issues lookout notices in Jesna missing case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..