കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യാത്രയയപ്പ് ദിനത്തിൽ സ്കൂൾമൈതാനത്ത് കാറിൽ അഭ്യാസപ്രകടനം നടത്തുന്ന വിദ്യാർഥികൾ
പനമരം: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യാത്രയയപ്പ് ദിനത്തിൽ സ്കൂൾമൈതാനത്ത് വാഹനങ്ങളിൽ വിദ്യാർഥികളുടെ അഭ്യാസപ്രകടനം. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് ദിനത്തിൽ കുട്ടികൾ അപകടകരമായ രീതിയിൽ മൈതാനത്ത് പൊടിപാറിച്ചും കാറുകളും ബൈക്കും കറക്കിത്തിരിച്ചും അഭ്യാസം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ശനിയാഴ്ച കല്പറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്കൂളിലെത്തി പരിശോധന നടത്തി.
സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. അതിവേഗത്തിലും അശ്രദ്ധമായും മനുഷ്യജീവൻ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ച് സ്കൂളിനകത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ വിദ്യാർഥികൾക്കുനേരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും. വ്യാഴാഴ്ചയായിരുന്നു സ്കൂളിൽ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. ഇതിനിടെ മൂന്നുകാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാർഥികൾ സ്കൂൾഗേറ്റ് തുറന്ന് വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. പിന്നാലെയായിരുന്നു റേസിങ് അഭ്യാസങ്ങൾ നടത്തിയത്. കാറിന്റെ ഡോറിലിരുന്നും കുട്ടികൾ യാത്രചെയ്തിരുന്നു.
യാത്രയയപ്പു ചടങ്ങിൽ വിദ്യാർഥികൾ അതിരുവിടാൻ സാധ്യതയുണ്ടെന്ന് സ്കൂൾ അധികൃതർ നേരത്തേ പോലീസിൽ വിവരം അറിയിച്ചിരുന്നു. ഇതുപ്രകാരം റോഡിൽ കമ്പളക്കാട് പോലീസ് വാഹനപരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ച രണ്ടുവിദ്യാർഥികൾക്കുനേരെ കമ്പളക്കാട് പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തിൽപ്പെടുത്തിയ മൂന്നുപേരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാർ റേസിങ് നടത്തിയതിന് നാലായിരംരൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പോലീസ് ഇവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Content Highlights: Car - bike stunts displayed by students on farewell
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..