മിജോ കെ. മോഹൻ, സുമേഷ് ആന്റണി
ഇരിങ്ങാലക്കുട: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്ഥാപന ഉടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. അഞ്ചുകോടി രൂപയോളം തട്ടിപ്പുനടത്തിയതായാണ് നിഗമനം.
ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനം നടത്തി വന്ന കുന്നംകുളം സ്വദേശി കിടങ്ങന്‍ വീട്ടില്‍ മിജോ കെ. മോഹന്‍ (32), ഇരിങ്ങാലക്കുട ചക്കാലയ്ക്കല്‍ വീട്ടില്‍ സുമേഷ് ആന്റണി (39) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, സി.ഐയുടെ ചുമതലവഹിക്കുന്ന കാട്ടൂര്‍ സി.ഐ. മഹേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം സ്ഥാപനം നടത്തിപ്പുകാരനായ എടപ്പാള്‍ സ്വദേശി മുഹമ്മദ് ആസിഫ് ഒളിവിലാണ്.
കാനഡ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് മൂന്നുലക്ഷം മുതല്‍ ഇവര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 80-ലേറെ പരാതികളാണ് പോലീസിന്റെ മുന്നിലുള്ളത്. പരാതികളുടെ എണ്ണം ഇനിയുമേറുമെന്നാണ് പോലീസ് നല്കുന്ന സൂചന.
പണം നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും വിസ ലഭിക്കാതായതോടെ പുത്തൂര്‍ സ്വദേശിയായ യുവാവ് നല്കിയ പരാതിയിലായിരുന്നു അന്വേഷണം. ഇതിനിടയില്‍ ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നതിന് വിസ വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ട കുറേപ്പേര് ചൊവ്വാഴ്ച ഓഫീസിലെത്തി ഇരുവരെയും തടഞ്ഞുവെച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതുവരെ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
27 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. എമിഗ്രോ സ്റ്റഡി എബ്രോഡിനോട് ചേര്‍ന്നുള്ള എമിഗ്രോ സൂപ്പര്‍മാര്‍ക്കറ്റിലും പ്രതികള്‍ മൂന്നുപേരും പങ്കാളികളാണ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയ പണം ഉപയോഗിച്ചാണ് സംഘം എമിഗ്രോ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചതെന്ന പരാതിയും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനം സാമൂഹികമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്.
എത്ര പണം കൈപ്പറ്റിയിട്ടുണ്ടെന്നുള്ളത് അറിയാന്‍ ഇവരുടെ ബാങ്കിടപാടുകള്‍ അടുത്തദിവസം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട എസ്.ഐ. ഷാജന് എം.എസ്., എസ്.ഐ. ക്ലീറ്റസ്, എ.എസ്.ഐ.മാരായ സേവ്യര്‍, ശ്രീധരന്, ജസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..