പോലീസ് കസ്റ്റഡിയിലെടുത്ത മണികണ്ഠൻ
തേഞ്ഞിപ്പലം: വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാലാ സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍. വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ പതിനെട്ടാം വീട്ടില്‍ മണികണ്ഠനാണ് (38) അറസ്റ്റിലായത്. ഇയാളെ സര്‍വകലാശാല ജോലിയില്‍നിന്ന് പുറത്താക്കി. പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
ബുധനാഴ്ച സര്‍വകലാശാലാ കാമ്പസില്‍ വില്ലൂന്നിയാലിന് സമീപത്തെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്താണ് പീഡനംനടന്നത്. വിദ്യാര്‍ഥിനി കൂട്ടുകാരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമൊപ്പം കാട്ടിനുള്ളില്‍ നിര്‍മാണം നിലച്ച ആകാശപാത കാണാനെത്തി. ഇത് മണികണ്ഠന് ഫോണില്‍ പകര്‍ത്തി. കറങ്ങിനടക്കുന്നത് രക്ഷിതാക്കളെയും പ്രിന്‍സിപ്പലിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ നമ്പര്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയ പ്രതി വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനിടയില്‍ മണികണ്ഠന് ഈ നമ്പറില്‍ ബന്ധപ്പെട്ടു.
ഫോണിലെ വിഡീയോ ഡിലീറ്റ് ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ കാടുമൂടിയ സ്ഥലത്തേക്ക് വീണ്ടും വരണമെന്ന് പ്രതി ആവശ്യപ്പെട്ടു.
പീന്നീട് ഇവിടെയെത്തിയ പെണ്‍കുട്ടിയെ ആകാശപാതയ്ക്കുസമീപത്തെ കാടുമൂടിയ സ്ഥലത്തേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടികള്‍ ആനുഭവപ്പെട്ട കുട്ടി പീഡനത്തിനിരയായ വിവരം അകന്ന ബന്ധുവിനെ അറിയിച്ചു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ക്ക് പുറമേ ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള കേസും പ്രതിക്കെതിരേ ഉള്‍പ്പെടുത്തുമെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
സി.ഐ. എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിജേഷ്, സജീവന്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സുജാത, ഹോംഗാര്‍ഡ് മണികണ്ഠന് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
സുരക്ഷാ ജിവനക്കാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതായി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു.
സമൂഹവിരുദ്ധരുടെ താവളമായി കാമ്പസിലെ ആകാശപാത
തേഞ്ഞിപ്പലം: സര്‍വകലാശാലാ കാമ്പസില്‍ ആര്‍ക്കും വേണ്ടാത്ത ആകാശപാത സമൂഹവിരുദ്ധരുടെ താവളമാകുന്നു. നിര്മാണംനിലച്ച് കാടുമൂടിയ ഈ ആകാശപാത കാണാനെത്തിയ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ ശനിയാഴ്ച കേട്ടത്.
ഏഴുവര്‍ഷം മുന്‍പ് വിനോദസഞ്ചാരവകുപ്പ് തുടക്കമിട്ട പദ്ധതിയാണ് കാട്ടിനുള്ളില്‍ നശിക്കുന്നത്. സ്വാഭാവിക വനപ്രദേശത്ത് കാഴ്ചകള്‍ ഉയരത്തില്‍നിന്ന് കാണാനായിരുന്നു ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതി. 2015-ല്‍ തുടങ്ങിയ പാതയുടെ പണി സര്‍വകലാശാലയുമായി ധാരണയിലെത്താത്തതിനാല്‍ നിലച്ചതാണ്. സമൂഹവിരുദ്ധര്‍ താവളമാക്കിയപ്പോള്‍ ഇവിടേക്കുള്ള വഴി അടച്ചിട്ടാണ് താത്കാലിക പരിഹാരം കണ്ടത്. ഇത് വീണ്ടും തുറന്നുകിടക്കുന്നതാണ് കുട്ടികളടക്കം എത്താന്‍ വഴിയൊരുക്കുന്നത്.

ഈ പ്രദേശം വിനോദസഞ്ചാരകേന്ദ്രമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി തുറന്നുനല്‍കിയിട്ടില്ല. അനധികൃതമായി പ്രവേശിക്കുന്നത് അതിക്രമിച്ച് കടക്കലാണെന്ന് നേരത്തേ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെയുള്ള നിര്‍മിതി പൂര്‍ത്തീകരിച്ച് നവീകരിക്കുന്നതിനെക്കുറിച്ച് സര്‍വകലാശാലാതലത്തില്‍ ഉടന്‍ ആലോചിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. ആകാശപാതയ്ക്കുസമീപം വീടുകളുമുണ്ട്. സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാരില്‍നിന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീടാണ് ഇവിടെ സുരക്ഷാ ജീവനക്കാരുടെ സേവനം സര്‍വകലാശാല ഏര്‍പ്പെടുത്തിയത്.
വനിതാ സുരക്ഷാ ജീവനക്കാര്‍ എവിടെ?
കാമ്പസില്‍ 25 വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനവും നടപ്പായിട്ടില്ല. ആറ് മാസം മുന്‍പാണ് പ്രതി വിമുക്തഭടനായ മണികണ്ഠന് കരാര്‍ സുരക്ഷാ ജീവനക്കാരനായി സര്‍വകലാശാലയില്‍ എത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഉടന്‍ നടപടി
കാടുമൂടിക്കിടക്കുന്ന ആകാശപാത സുരക്ഷിതമാക്കാന്‍ അടിയന്തര നടപടിയെടുക്കും. അനധികൃതമായി സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് ആദ്യ പരിഗണന. സമൂഹവിരുദ്ധരുടെ താവളമായി മാറാതിരിക്കാന്‍ സുരക്ഷാവേലി ആലോചിക്കുന്നുണ്ട്
ഡോ. ഇ.കെ. സതീഷ്, രജിസ്ട്രാര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..