അറസ്റ്റിലായ രാജീവ്, ഹരികുമാർ
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പിലെ മൂന്നാം പ്രതിയായ, സംഘത്തിലെ മുന്‍ ക്ലാര്‍ക്കിനെയും സഹായിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമലേശ്വരം പയറ്റുകുപ്പ ശിവദാനത്തില്‍ രാജീവ്(43), ഇയാള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ നീറമണ്‍കര യമുനാ നഗര്‍ ലീലാസദനത്തില്‍ ഹരികുമാര്‍(50) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി.
നാഗര്‍കോവില്‍ കോടതിക്കു സമീപത്തെ ലോഡ്ജില്‍ നിന്നാണ് രാജീവിനെ പിടികൂടിയത്. രാജീവിന് ഒളിയിടങ്ങള്‍ കണ്ടെത്തി നല്‍കിയതും സാമ്പത്തികസഹായങ്ങള്‍ എത്തിച്ചിരുന്നതും ഹരികുമാറാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഘം പ്രസിഡന്റായിരുന്ന ഗോപിനാഥനും രാജീവുമാണ് തട്ടിപ്പിനു നേതൃത്വം നല്‍കിയത്. ഗോപിനാഥനൊപ്പം രാജീവും പലയിടത്തും സ്വന്തംപേരില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് സംഘത്തിലെ പണമെടുത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയത്. ഗോപിനാഥന്‍, മുന്‍ സെക്രട്ടറി പ്രദീപ്, മുന്‍ ഡയറക്ടര്‍ മൂര്‍ത്തി എന്നിവര്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. ഇനി പിടിയിലായവരുടെ ബിനാമികളെയാണ് കണ്ടെത്താനുള്ളത്.
രാജീവിന്റെ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. രാജീവിന്റെ വീട്ടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളിലൂടെയാണ് പ്രതിയുടെ ഒളിയിടം കണ്ടെത്തിയത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി. സജാദിന്റെ നേതൃത്വത്തില്‍ സി.ഐ. റോബര്‍ട്ട്, എസ്.ഐ.മാരായ അഖില്‍, നിജിത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്, സി.പി.ഒ.മാരായ നിസാം, വിനോദ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാജീവ് ഉള്‍പ്പെടെയുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി. സജാദ് പറഞ്ഞു.
അന്വേഷണത്തിന് കോടതി നിരീക്ഷണം
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സര്‍വീസ് സഹകരണസംഘം തട്ടിപ്പ് കേസിന്റെ അന്വേഷണം ഇനി കോടതിയുടെ പൂര്‍ണ നിരീക്ഷണത്തിലാകും. നിക്ഷേപകയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് മേയ് നാലിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ലിനി തോമസ് കൂര്‍ക്കറെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി.ക്കു നിര്‍ദേശം നല്‍കി.
കവടിയാര്‍ സ്വദേശിനി എന്‍.കെ.സാറാമ്മയാണ് ഹര്‍ജിക്കാരി. ഇവരുടെ ഭര്‍ത്താവായ, ബി.എസ്.എന്‍.എല്ലിലെ മുന്‍ ജീവനക്കാരനും പരേതനുമായ കെ.പി.മത്തായിയുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ അടക്കം 78,48,669 രൂപയും മകന്റെ നിക്ഷേപമായി 10,87,234 രൂപയുമാണ് സഹകരണസംഘത്തില്‍ നിക്ഷേപിച്ചിരുന്നത്.
ചികിത്സയ്ക്കുപോലും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി നിക്ഷേപം മടക്കിനല്‍കണമെന്നാണ് സാറാമ്മയുടെ ആവശ്യം. അന്വേഷണസംഘം ഇപ്പോഴും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.
പ്രതികള്‍ക്കെതിരേ വഞ്ചിയൂര്‍ പോലീസ് അഞ്ഞൂറിലേറെ കേസുകളാണ് എടുത്തിട്ടുള്ളത്. നിക്ഷേപകര്‍ക്ക് പ്രതികള്‍ വ്യാജരേഖകള്‍ നല്‍കി 1255 പേരില്‍നിന്നായി 220 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ബി.എസ്.എന്‍.എല്ലിലെ നിലവിലെ ജീവനക്കാരും വിരമിച്ച ജീവനക്കാരും പുറത്തുനിന്നുള്ളവരുമാണ് ഉയര്‍ന്ന പലിശ പ്രതീക്ഷിച്ച് സംഘത്തില്‍ പണം നിക്ഷേപിച്ചിരുന്നത്.
Content Highlights: bsnl engineers cooperative money fraud case accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..